കേരളത്തിന് ആദ്യഘട്ടത്തിൽ 4.35 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ഇതിൽ 1100 ഡോസ് വാക്സിൽ മാഹിക്ക് നൽകണം. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 3,59,549 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. എന്നാൽ ഇതിൽ കൂടുതൽ വാക്സിൻ കേരളത്തിൽ എത്തുമെങ്കിലും അത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്ര, ഇഎസ്ഐ തുടങ്ങിയ ആശുപത്രികളിലേക്കാണ്.
രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ പൂണെ സിറം ഇൻസ്റ്റിറ്റിയുട്ടിൽനിന്ന് വാക്സിനുകളുമായി ശീതീകരിച്ച ട്രക്കുകളിൽ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഡൽഹി, ചെന്നൈ, ബംഗളൂരു, ഗുവാഹത്തി ഉൾപ്പെടെ 13 കേന്ദ്രങ്ങളിലാണ് ആദ്യ ദിനം വാക്സിൻ എത്തുക. കേരളത്തിൽ ബുധനാഴ്ച വാക്സിൻ ലഭ്യമായേക്കും. എന്നാൽ ഇത് സംബന്ധിച്ച അറിയിച്ച് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെ വാക്സിൻ എപ്പോഴെത്തുമെന്നതു സംബന്ധിച്ച വിവരം ലഭ്യമായേക്കും.
കോവിഷീൽഡ് വാക്സിന്റെ ലോഡുകളാണ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ പുറപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസർക്കാർ കരാറുണ്ടാക്കിയത്. ഒരു വാക്സിന് 210 രൂപ എന്ന നിരക്കിൽ 1.1 കോടി ഡോസ് വാക്സിൻ നൽകാനാണ് കരാർ.
ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തിൽ 30 കോടി പേർക്ക് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക.
കേരളത്തിൽ വാക്സിൻ വിതരണത്തിന് വൻ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 133 കേന്ദ്രങ്ങളിലാണ് ആദ്യ ദിനം വാക്സിൻ വിതരണം. കോവിഡ് വാസ്കിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്പോസബിൾ സിറിഞ്ചുകൾ സംസ്ഥാനത്ത് നേരത്തെ എത്തിച്ചിരുന്നു. ലാർജ് ഐഎൽആർ 20, വാസ്കിൻ കാരിയർ 1800, കോൾഡ് ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവയും സംഭരിച്ച് ഡ്രൈ റണ്ണും നടത്തി കേരളം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.