ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകൾ അധികം തന്നില്ലെങ്കിൽ കോണ്‍ഗ്രസ് തോല്‍ക്കുക 21 മണ്ഡലങ്ങളിലായിരിക്കുമെന്ന ഭീഷണിയുമായി മുസ്ലിംലീഗ്. യുഡിഎഫിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ലീഗ് സംസ്ഥാന നേതൃത്വം പുതിയ കണക്കുകളുമായി കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നത്. ആരുടെയും പിന്തുണയില്ലാതെ മുസ്ലീംലീഗിന് വിജയിക്കാനാകുക 18 മണ്ഡലങ്ങളില്‍ ആണെന്നും ലീഗ് വിചാരിച്ചാൽ 21 ഇടത്ത് കോൺഗ്രസ് തോൽക്കുമെന്നും ഉള്ള, കോണ്‍ഗ്രസിനെ ഞെട്ടിച്ച് പുതിയ കണക്കുമായി ലീഗ് രംഗത്തുവന്നത്. മാത്രമല്ല അഞ്ചിടങ്ങളിൽ പൊതുസ്വതന്തരെ ലീഗ് തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം ലീഗ് അറിയിച്ചിട്ടുണ്ട്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ആകെ കുഴങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
ഇത്തവണ കൽപ്പറ്റ, പട്ടാമ്പി, കായംകുളം, വർക്കല, ചടയമംഗലം, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളാണ് ലീഗ് പുതുതായി ചോദിക്കുന്നത്. ഈ സീറ്റുകൾ നിർബന്ധമായും തങ്ങൾക്ക് നൽകണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. ഇതിനുപുറമെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, പാലക്കാട് ജില്ലയിലെ ഷൊർണൂർ, തിരുവനന്തപുരത്ത് ചിറയിൻകീഴ് എന്നിവയും ലീഗ് ആവശ്യപ്പെടുന്നുണ്ട്. അടുത്ത് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് നേതാക്കൾ എന്തുതന്നെ പറഞ്ഞാലും സീറ്റിന്റെ കാര്യത്തിൽ വിട്ടുകൊടുക്കുന്ന ഏർപ്പാട് ഇനി വേണ്ടെന്നാണ് തീരുമാനം. ഇതിനായി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സീറ്റുകളുടെ പട്ടികയടക്കം കോണ്‍ഗ്രസിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും അതിനുമുമ്പും കോൺഗ്രസിന്റെ പ്രകടനം തീരെ മോശമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർത്തിയ ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. കോൺഗ്രസിനൊപ്പം നിന്ന് അവർ ഉയർത്തിയ ആരോപണങ്ങൾ ഏറ്റുപിടിച്ച ലീഗിന്റെ സ്ഥിതിയും പരിഹാസ്യമായി. മലപ്പുറത്തുപോലും തങ്ങളുടെ പ്രകടനം മോശമായതിനുകാരണം കോൺഗ്രസ് ആണെന്ന വിലയിരുത്തലിലാണ് ലീഗ്. ആരുടേയും പിന്‍ബലമില്ലാതെ മുസ്ലീംലീഗിന് 18 മണ്ഡലങ്ങളില്‍ വിജയിക്കാമെന്നാണ് അവരുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസിനെ 21 മണ്ഡലങ്ങളില്‍ കൃത്യമായി തോല്‍പ്പിക്കാന്‍ ലീഗിന് കഴിയുമെന്നും ലീഗ് നേതൃത്വം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.
ഈ കണക്കുകള്‍ സൂചിപ്പിച്ചാണ് ലീഗ് നേതൃത്വം ഇത്തവണ സീറ്റ്ചർച്ചക്ക് എത്തുന്നത്. കടുത്ത സമ്മർദ്ദം ചെലുത്തി സീറ്റുകൾ പിടിച്ചെടുക്കുക എന്നതുതന്നെയാണ് ലീഗിന്റെ തീരുമാനം.
കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളടക്കം ചോദിച്ച് കോൺഗ്രസ് നേതാക്കളെ സമ്മർദ്ദത്തിലാക്കാനും രഹസ്യനീക്കമുണ്ട്. അതിനിടെ തിരുവമ്പാടിയും പേരാമ്പ്രയും വെച്ചുമാറാൻ ലീഗ്-പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം അറിയാതെയാണ് ഇരുപാര്‍ട്ടികളും രഹസ്യ ചർച്ച നടത്തി തീരുമാനം കൈക്കൊണ്ടത്. എത്തും കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. അടുത്തിടെ കെമാൽ പാഷയടക്കമുള്ളവരുമായി ചർച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയുന്നത് വാർത്ത പുറത്തുവന്നശേഷമാണ്. ഉമ്മൻചാണ്ടിയുടെ ഒത്താശയോടെ ലീഗ് നടത്തുന്ന പുതിയ നീക്കത്തിൽ ചെന്നിത്തലക്ക് കടുത്ത പ്രതിഷേധവുമുണ്ട്.