മാതാപിതാക്കൾ രണ്ടുപേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്താൽ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായ പദ്ധതിയാണ് സ്നേഹപൂർവം പദ്ധതി.
നഗരപ്രദേശങ്ങളിൽ 22,375 രൂപയും ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപ വരെയും വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികളിൽ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി, പ്രൊഫഷനൽ ക്ലാസുകൾ വരെ പഠിക്കുന്നവർ എന്നിവർ പദ്ധതിയിൽ പങ്കാളികളാവാൻ അർഹരാണ്.
ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 300 രൂപയും ആറ് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 500 രൂപയും പ്ലസ് വൺ, പ്ലസ് ടു ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പ്രതിമാസം 750 രൂപയും ഡിഗ്രി, പ്രൊഫഷനൽ കോഴ്സുകൾക്ക് 1,000 രൂപ വീതവും ആനുകൂല്യം ലഭിക്കും. എച്ച്.ഐവി ബാധിതരായ കുട്ടികൾക്കും വരുമാന പരിധിയില്ലാതെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം:
അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹികസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകണം.അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സ്ഥാപനമേധാവികൾക്ക് നൽകണം.