കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. സിബിഐയും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഓഫീസറില്‍ നിന്ന് പണം പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡ് തുടരുകയാണ്.
കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന. ചില വമ്പന്മാർക്കുവേണ്ടി കടത്തുന്ന സ്വർണം പുറത്തെത്തിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി നേരത്തെതന്നെ ആക്ഷേപം ഉയർന്നിരുന്നു. നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെ ഒരു മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണം സഹിതം പിടികൂടിയിരുന്നു.
കസ്റ്റംസിന്റെ പരിശോധനാ സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തു വന്ന യാത്രക്കാരെയാണ് സിബിഐ- ഡിആര്‍ഐ സംഘം വീണ്ടും പരിശോധിക്കുന്നത്. യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതായും സൂചനയുണ്ട്. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ സിബിഐ സംഘം വാങ്ങിവെച്ചിരുന്നു.
ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം.
ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.