അഴിമതിയിൽ മുങ്ങിയവരാണ് അഴിമതി തൊട്ടുതീണ്ടാത്തവരെ ഇപ്പോൾ അഴിമതിക്കാർ എന്നു വിളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ ആ ആഗ്രഹത്തിന് നിന്നുതരാൻ തൽക്കാലം മനസില്ലെന്നും അത് കൈയിൽ വെച്ചാൽ മതിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ അഴിമതിയെ കുറിച്ചുള്ള ചോദ്യോത്തരത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശതിരഞ്ഞെടുപ്പിൽ കരണത്തടിയേറ്റവരാണ് പ്രതിപക്ഷത്തിരിക്കുന്നത്. ഭരിച്ചപ്പോൾ എന്തൊക്കെ അഴിമതി നടത്തിയെന്ന് എല്ലാവർക്കും അറിയാം. ജനങ്ങളുടെ ഓർമശക്തി ചോദ്യം ചെയ്യരുത്. എല്ലാം മറന്നെന്ന് കരുതരുത്. ഏതെല്ലാം നിലയിലാണ് അഴിമതി നടത്തിയതെന്ന് എല്ലാവർക്കുമറിയാമെന്നും പിണറായി പറഞ്ഞു. കേരളത്തിന്റെ യശസ് വർധിക്കുന്നതിലുള്ള വിഷമമാണ് ചിലർക്കെന്നും മുഖ്യമന്ത്രി പറഞ്ഞു
നിലവിലെ നിയമസഭാ അംഗങ്ങളിൽ വി എസ് ശിവകുമാർ, വി കെ ഇബ്രാഹിംകുഞ്ഞ്, കെ. എം ഷാജി, പി ഉണ്ണി, അഡ്വ. യു പ്രതിഭ എന്നിവർക്കെതിരെ വിജിലൻസ് കേസുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വി എസ് ശിവകുമാർ, വി കെ. ഇബ്രാഹിംകുഞ്ഞ്.
കെ എം ഷാജി എന്നിവർക്കെതിരെയുള്ള കേസ് അന്വേഷണഘട്ടത്തിലാണ്. പി ഉണ്ണിക്കെതിരായ കേസന്വേഷണം പൂർത്തിയായി |റിപ്പോർട്ട് സൂക്ഷ്മപരിശോധനയിലാണ്. അഡ്വ. യു പ്രതിഭക്കെതിരെയുള്ള കേസിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
നിലവിലെ നിയമസഭാ അംഗങ്ങളിൽ കമറുദ്ദീനെതിരെ 149 വഞ്ചന കേസുകളും, പി വി അൻവറിനെതിരെ ഒരു കേസും, ഇ എസ് ബിജിമോൾക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാറുടമയായ ബിജു രമേശ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ അന്നത്തെ കെ പി സി സി പ്രസിഡന്റ് ആയിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് കൈക്കൂലി നൽകിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമം 1988 പ്രകാരമുള്ള പ്രാഥമികാന്വേഷണത്തിന് അനുമതി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും അതേസമയം പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടു ഗവർണറെ സമീപിച്ച വിവരം |ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
പുനർജനി പദ്ധതിപ്രകാരം വീട് വയ്ക്കുന്നതിന് ധനശേഖരണാർത്ഥം വി ഡി സതീശൻ വിദേശയാത്രകൾ നടത്തിയതിനെക്കുറിച്ചും വിദേശഫണ്ട് വാങ്ങിയതിനെക്കുറിച്ചും പുനർജനി പദ്ധതിയിലൂടെ തട്ടിപ്പ് നടത്തിയതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം നടത്തി. അഴിമതി നിരോധന നിയമം 1988 പ്രകാരമുളള പ്രാഥമികാന്വേഷണം നടത്തുന്നതിന് അനുമതി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കും. മുഖ്യമന്ത്രി പറഞ്ഞു.