സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നതിനാവശ്യമായ നികുതിയിളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും സിനിമ ലോകത്തു നിന്ന് അഭിനന്ദന പ്രവാഹം. നടന്മാരായ മോഹൻലാൽ, പ്രത്വിരാജ്, നടി മഞ്ജുവാര്യർ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ,റിമ കല്ലിങ്ങൽ , ടോവിനോ തോമസ് , കുഞ്ചാക്കോ ബോബൻ എന്നിവർ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തി.
വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ് ചാർജ്ജ് പകുതിയാക്കി കുറക്കുകയും, മറ്റ് ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്, മലയാള സിനിമക്ക് പുതുജീവൻ നൽകിയ ബഹു: മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ എന്ന് ബി ഉണ്ണികൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി !!! തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ നടി മഞ്ജുവാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.