വെൽഫെയർ പാർട്ടിയുമായി ആദ്യം ചർച്ച നടത്തിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുല്ലപ്പള്ളിയുമായി സംസ്ഥാന നേതാക്കളിലെ ഒരു സംഘം സംസാരിച്ചിരുന്നുവെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടുവന്ന സൗഹൃദമാണ് ഇതിന് വഴിയൊരുക്കിയതെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
യുഡിഎഫ് പരാജയം ഉണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഉള്ള ആളാണ് മുല്ലപ്പള്ളി. അതിൽ നിന്നും രക്ഷപ്പെടാൻ വെൽഫെയർ പാർട്ടിയെ പഴിചാരുന്നുവെന്നും യുഡിഎഫ് ബന്ധം അവസാനിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്ക് വെറും പ്രാദേശികമായ നീക്കുപോക്ക് മാത്രമായിരുന്നു. രാഷ്ട്രീയ സഖ്യമല്ല, മുന്നണിയുടെ ഭാഗമല്ലെന്നും ഹമിദ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത്തരമൊരു സഖ്യമില്ല. ഒരുമുന്നണിയുടെ മുന്നിലും മുന്നണി പ്രവേശനത്തിന് വേണ്ടിയിട്ടോ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിനോ നീക്കുപോക്കിനോ വേണ്ടിയിട്ടോ സമീപിച്ചിട്ടില്ല.നിയമസഭ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് തങ്ങളുടേതായ രാഷ്ട്രീയമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ രംഗത്തുണ്ടാകും. യുഡിഎഫുമായി ഇപ്പോഴോ നേരത്തേയോ സഖ്യമില്ല.ഇനി നീക്കുപോക്കുമില്ല. അതിന്റെ ആവശ്യമില്ല. തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു പ്രവർത്തന രീതിയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.