Home Newspool തഴക്കര ​ഗ്രമാപഞ്ചായത്തിൽ കോൺ​ഗ്രസും ബിജെപിയും ഭായി ഭായി

തഴക്കര ​ഗ്രമാപഞ്ചായത്തിൽ കോൺ​ഗ്രസും ബിജെപിയും ഭായി ഭായി

SHARE

എൽഡിഎഫ് ഭരിക്കുന്ന തഴക്കര ​ഗ്രമാപഞ്ചായത്തിൽ കോൺ​ഗ്രസും ബിജെപിയും ഒറ്റക്കെട്ട്. സ്റ്റാൻഡിങ്ങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കണ്ടത് ബിജെപിയും കോൺ​ഗ്രസും സഖ്യമായി മത്സരിക്കുന്ന കാഴ്ചയായിരുന്നു. രണ്ടു സ്റ്റാന്റിങ്ങ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബിജെപിയെ വിജയിപ്പിച്ചപ്പോൾ മറ്റ് രണ്ട് സ്റ്റാന്റിങ്ങ് കമ്മിറ്റികളിൽ ബിജെപി കോൺ​ഗ്രസിന് വോട്ടുചെയ്ത് വിജയിപ്പിച്ചു. കെപിസിസി ജനറൽ സെ​ക്രട്ടറി കോശി എം കോശിയുടെ പഞ്ചായത്തിലാണ് കോൺ​ഗ്രസ് ബിജെപി നേതൃത്വങ്ങളുടെ അറിവോടെ അവിശുദ്ധ സഖ്യം രൂപംകൊണ്ടത്.

ക്ഷേമകാര്യ സൻഡിങ്ങ് കമ്മിറ്റിയിലേക്ക് സിപിഐ എമ്മിലെ ഷൈനിസയും ബിജെപിയിലെ ബീന വിശ്വകുമാറുമാണ് മത്സരിച്ചത്. ഇവിടെ കോൺ​ഗ്രസ് ബിജെപിക്ക് വോട്ടു ചെയ്ത് ബീനയെ വിജയിപ്പിച്ചു. ആരോ​ഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്ക് ബിജെപിയിലെ ലതിക സുരേഷും സിപിഐ എമ്മിലെ ഉഷയുമാണ് മത്സരിച്ചത്. ഇതിലും കോൺ​ഗ്രസുകാർ ഒറ്റക്കെട്ടായി ബിജെപിക്ക് വോട്ടു ചെയ്ത് തങ്ങളുടെ വിധേയത്വം തെളിയിച്ചു. വികസനകാര്യ സന്റിങ്ങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലെ വത്സല കുമാരിക്ക് ഉപകാരസ്മരണ എന്ന രീതിയിൽ ബിജെപിക്കാർ വോട്ടു മറിച്ചു നൽകി. ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്ക് സമാന തരത്തിലാണ് ബിജെപി കോൺ​ഗ്രസിനെ പിന്തുണച്ചത്.

ആകെ 21 അം​ഗങ്ങളുള്ള തഴക്കര പഞ്ചായത്തിൽ എൽഡിഎഫ് എട്ട്, യുഡിഎഫ് നാല്, ബിജെപി ഏഴ്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്രാം​ഗത്തിന്റെ പിന്തുണയോടെ എൽഡിഎഫാണ് ഇവിടെ ഭരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ സഖ്യം പുറത്തു വന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കോശി എം കോശിയുടെയും ചെങ്ങന്നൂർ മവേലിക്കര എന്നിവിടങ്ങളിലുള്ള എതാനും കോൺ​ഗ്രസ് നേതാക്കളുടെയും അറിവോടെയാണ് കോൺ​ഗ്രസ് സഖ്യം ഉണ്ടാക്കിയത്. ബിജെപിയെ രഹസ്യമായും പരസ്യമായും കൂട്ടുപിടിക്കുന്ന കോശി എം കോശിയുടെ നടപടിക്കെതിരെ വലിയൊരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തു വന്നിട്ടുണ്ട്.

അതിനിടെ കായംകുളം നഗരസഭായിലെ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ മുന്നയിയിലെ പാർട്ടിയായ ലീഗിനെ പുറത്താക്കി കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തതും വിവാദമായിട്ടുണ്ട്. ലീഗിന്റെ അംഗം പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന്റെ സഹായത്തോടെ ബിജെപിയാണ് എവിടെയും വിജയിച്ചത്. പൊതുമരാമത്ത് സ്ഥിരംസമിതിയിലേക്ക് ബിജെപിയെ വിജയിപ്പിക്കാൻ കോൺഗ്രസ് ഒത്തുകളിച്ചെന്ന്‌ ലീഗ്‌ ആരോപിച്ചു. മുസ്ലിം ലീഗിലെ നവാസ് മുണ്ടകത്തിലാണ്‌ തോറ്റത്‌. ഏഴംഗ സമിതിയിലേക്ക് മൂന്നുപേരെ വിജയിപ്പിക്കാനാവശ്യമായ അംഗബലമുണ്ടായിട്ടും കോൺഗ്രസിലെ രണ്ട് പേരെ മാത്രമാണ് വിജയിപ്പിച്ചത്. നവാസിന് ഒറ്റവോട്ടുമാത്രമാണ്‌ കിട്ടിയത്‌. മൂന്ന് അംഗങ്ങളുള്ള ബിജെപിയിലെ ഡി അശ്വനിദേവിന്‌ വോട്ടുചെയ്‌താണ്‌ കോൺഗ്രസ്– -ബിജെപി ധാരണ. ബിജെപി–കോൺഗ്രസ്‌ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വഞ്ചന കാട്ടിയതെന്ന് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ എ ഇർഷാദ് കുറ്റപ്പെടുത്തി. വിഷയത്തിൽ യുഡിഎഫ് ജില്ലാ നേത‌ൃത്വത്തിന് പരാതി നൽകുമെന്നും എ ഇർഷാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.