ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനായി തിരുവനന്തപുരം ജില്ലയിൽ കെ.എസ്.ഇ.ബി എട്ടു പുതിയ ചാർജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. നേമം ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ജില്ലയിലെ ആദ്യ ചാർജിംഗ്സ്റ്റേഷന്റെ പ്രവർത്തനം ഇതിനോടകം കെ.എസ്.ഇ.ബി ആരംഭിച്ചു കഴിഞ്ഞു.
ഉപഭോക്താക്കളുടെ വർധനവും ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിൽപ്പനയും കണക്കിലെടുത്ത് വൈദ്യുതിഭവൻ, എയർപോർട്ട്, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്, ആറ്റിങ്ങൽ നാളികേര വികസന കോർപറേഷൻ, പവർഹൗസ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, വിഴിഞ്ഞം എന്നിങ്ങനെ എട്ട് ഇടങ്ങളിൽ കൂടി ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.ഇവയുടെ നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
നേമത്തെ ചാർജിംഗ് സ്റ്റേഷനിൽ 20, 60 കിലോ വാട്ടുകൾ വീതമുള്ള ഓരോ ഫില്ലിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ആറ് കോർപറേഷനുകൾ കേന്ദ്രീകരിച്ചു ഓരോ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാൽ പരമാവധി ഒരുമണിക്കൂറിനകം കാറുകൾ പൂർണമായും ചാർജ് ചെയ്യാനാകും.
സംസ്ഥാനത്താകെ 156 ചാർജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി പുതുതായി ആരംഭിക്കുന്നത്. കൂടാതെ മറ്റ് സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ഇതിനായുള്ള സാങ്കേതിക സഹായവും നൽകിവരുന്നു. അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപഭോഗ കുറയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങളും കെ.എസ്.ഇ.ബി ഏറ്റെടുത്തിട്ടുണ്ട്.