Home Politics കൊവിഡ് മുക്തനായി, മെഡിക്കൽകോളേജിൽ നിന്ന്‌ ലഭിച്ചത്‌ മികച്ച ചികിത്സ; ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞ് വി...

കൊവിഡ് മുക്തനായി, മെഡിക്കൽകോളേജിൽ നിന്ന്‌ ലഭിച്ചത്‌ മികച്ച ചികിത്സ; ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞ് വി എം സുധീരൻ

SHARE

കൊവിഡ് മുക്തനായി സ്വവസതിയിലേക്ക് മടങ്ങുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻറെ നന്ദികുറിപ്പ് വൈറലാകുന്നു. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്നാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ് അരമണിക്കൂറിനകം തന്നെ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയും അഭിനന്ദിക്കുന്നുണ്ട് സുധീരൻ തന്റെ കുറിപ്പിലൂടെ.

‘മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു’, കോവിഡ്‌ ചികിത്സാ സംവിധാനത്തിന്റെ ചാലകശക്‌തിയായ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ജോ. ഷർമ്മദ്‌ അടക്കമുള്ള എല്ലാ ഡോക്‌ടർമാരോടും സ്‌റ്റാഫിനോടും കടപ്പാടും സ്‌നേഹാദരങ്ങളും അറിയിക്കുകയാണെന്നും സുധീരൻ ഫേസ്‌ ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.

ഫേസ്‌ ബുക്ക്‌ പോസ്റ്റ് പൂർണ രൂപം

കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.

ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്സിനോടും ടെക്നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

എന്റെ ആരോഗ്യപ്രശ്നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തിൽ ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കി തന്ന കാന്റീൻലെ സജീവനെയും സഹപ്രവർത്തകരെയും സന്തോഷത്തോടെ മനസ്സിൽ കാണുന്നു. ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികൾ എത്തിച്ചു തരുന്നതിൽ നിതാന്തജാഗ്രത പുലർത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.