കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്.
കര്‍ഷക സമരം കേരളത്തെയും ബാധിക്കും. നിയമം കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സ്ഥിരം സഹായ പദ്ധതി സംസ്ഥാനം ഒരുക്കും. സുഭിക്ഷ കേരളം പദ്ധതിക്ക് പുതിയ മുഖം നല്‍കും. സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കര്‍ഷക സഞ്ചയിക പദ്ധതി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, നയപ്രഖ്യാപനം ബഹിഷ്കരിച്ച് സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നയപ്രഖ്യാപന തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിത്. മുന്നോട്ടുള്ള പാതയും ദുര്‍ഘടമാണ്. കൊവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയണം. കോവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. 20000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.