Home Politics കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധം ; എ വിജയരാഘവൻ

കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധം ; എ വിജയരാഘവൻ

SHARE

കേരളത്തിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ.

കേരളത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഭരിക്കുന്നത്. സർക്കാരിന്റെ അധികാരത്തിനപ്പുറത്തേക്ക് സമാന്തരഭരണം സ്ഥാപിച്ച് ഏജൻസികൾ പ്രതിപക്ഷത്തെ സഹായിക്കുകയാണ്. ഇത് ജനാധിപത്യ-ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര ഏജൻസികളുടെ ഈ നീക്കം രാജ്യവ്യാപകമായി സിപിഐ എം തുറന്നുകാണിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്ത് കേസ് സംബന്ധിച്ച് അറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. എന്നാൽ ഇവിടെ കേന്ദ്രഏജൻസികൾ രാഷ്ട്രീയ ആയുധങ്ങളായി മാറുകയാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രചാരവേലയുടെ വലിയ സഹായികൾ കേന്ദ്രഏജൻസികളായിരുന്നു.

പക്ഷേ കേരളത്തിലെ ജനം ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ പ്രചരണങ്ങൾക്ക് പിന്തുണ നൽകിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിച്ചത്. ജനങ്ങൾ എൽഡിഎഫിന് നല്ല പിന്തുണ നൽകിയിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.

ഇതോടെ ഇപ്പോൾ കേന്ദ്രഏജൻസികളുടെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പായി. എല്ലാ ദിവസവും ഓരോകഥകൾ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് വരെ പല നാടകങ്ങൾക്കും ഈ ഏജൻസികൾ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങൾക്കും മുകളിലാണ് കേന്ദ്രഏജൻസികൾ എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല.

രാഷ്ട്രീയ ആയുധമായി കേന്ദ്ര ഏജൻസികൾ മാറാൻ തയ്യാറാകുമ്പോൾ രാഷ്ട്രീയമായി തുറന്നുകാണിക്കും. കേരള സർക്കാരിനെ ദുർബലപ്പെടുത്താൻ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്രഏജൻസികൾ നീങ്ങുകയാണ്.

സ്വർണക്കടത്ത് കേസിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. പലപ്രസ്താവനകളും നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനിൽ നിന്ന് പോലും ഏജൻസികൾ വിശദീകരണം തേടിയിട്ടില്ല. തേരാപാര അന്വേഷണം നടത്തി രാഷ്ട്രീയപ്രവർത്തനം നടത്തുകയാണ് ഏജൻസികൾ.

ദേശവ്യാപകമായി ഈ നീക്കം സിപിഐ എം തുറന്നുകാണിക്കും. കേരളത്തിന് പുറത്തുള്ള വിവിധ രാഷ്ട്രീയപ്രവർത്തകർക്കുനേരെയും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം നിൽക്കാത്തവർക്കെതിരെ കേന്ദ്രഏജൻസികളെ ദുരുപയോഗിക്കുന്നത് പൊതുപ്രവണതയാണ്. അന്വേഷണം നേർവഴിക്കല്ല പോകുന്നതെന്ന കാര്യം രാജ്യമാകെ പ്രചരണവിഷയമാക്കും. തെറ്റായ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വിജയരാഘവൻ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.