Home Newspool വൈറ്റില മേൽപ്പാലം: സമൂഹ വിരുദ്ധനീക്കത്തിന് പിന്നിൽ ഗൂഢാലോചന, ആദ്യം കയറിയ വാഹനം വി ഫോർ കൊച്ചിക്കാരന്റേത്

വൈറ്റില മേൽപ്പാലം: സമൂഹ വിരുദ്ധനീക്കത്തിന് പിന്നിൽ ഗൂഢാലോചന, ആദ്യം കയറിയ വാഹനം വി ഫോർ കൊച്ചിക്കാരന്റേത്

SHARE

ഉദ്ഘാടനത്തിനുമുമ്പേ വൈറ്റില മേൽപ്പാലത്തിൽ വാഹനങ്ങള്‍ കയറ്റിയ സംഭവത്തിനുപിന്നിൽ വൻഗൂഢാലോചന. ദിവസങ്ങളോളം നീണ്ടുനിന്ന ആസൂത്രണം നടത്തിയതിനുശേഷമാണ് മേൽപ്പാലത്തിൽ വാഹനം കയറ്റിയത്. ഈ സമൂഹവിരുദ്ധനീക്കത്തിന് മുന്നോടിയായി രണ്ടുതവണ ഈ സംഘം മാർച്ചും നടത്തിയിരുന്നു. പൊടുന്നനെ രാത്രി ഏഴുമണിയോടെ സമൂഹവിരുദ്ധസംഘത്തിന്റെ മൂന്ന് വാഹനം വൈറ്റില മേൽപ്പാലത്തിന് സമീപം കേന്ദ്രീകരിച്ചിരുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ വിരുദ്ധൻ മാസങ്ങൾക്ക് മുമ്പേ വൈറ്റില മേൽപ്പാലത്തിനെതിരെ രംഗത്തുവന്നിരുന്നു. ബിജെപിയാണ് ഏറ്റവും നല്ല പാർട്ടിയെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾ ഇപ്പോഴത്തെ സമൂഹവിരുദ്ധനീക്കത്തിന് ചുക്കാൻ പിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ബോധപൂർവമാണ് വൈറ്റില മേൽപ്പാലത്തിൽ സമൂഹവിരുദ്ധസംഘം വാഹനം കയറ്റിയത്. പാലത്തിലേക്ക് ആദ്യം കയറിയ മൂന്ന് വാഹനങ്ങൾ ഇവരുടെയതായിരുന്നു. ഇതൊന്നുമറിയാതെ പിന്നാലെ വന്ന വാഹനങ്ങളും പാലത്തിലേക്ക് കയറി. മേൽപ്പാലത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റിയതും ഇതേ സംഘമാണ്. ഇവരെയും തിരിച്ചറിഞ്ഞു. വി ഫോർ കൊച്ചിക്കാർ ആദ്യം കയറ്റിയ മൂന്നു വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഉടന്‍ കസ്റ്റഡിയിലെടുക്കും.

ഹെല്‍മെറ്റ് ധരിച്ചാണ് ഇവര്‍ എത്തിയത്. പിന്നീട് മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ ഇവരുടെ തന്നെ വാഹനം ആദ്യം പാലത്തില്‍ കയറി. പിന്നാലെ വന്ന വാഹനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ പാലത്തിന് മുകളിലൂടെ കയറ്റി വിടുകയും ചെയ്തു. പിന്നീട് നിപുണ്‍ ചെറിയാന്‍ അടക്കമുളളവര്‍ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിരുന്നു. മറുവശം അടച്ചിട്ടിരുന്നതിനാല്‍ പാലം കടക്കാന്‍ വാഹനങ്ങള്‍ക്കായില്ല. മറുവശത്ത് കാവല്‍ നിന്നിരുന്ന പോലീസുകാര്‍ തുറന്നുകൊടുക്കാനും തയ്യാറായില്ല. ഇതോടെ വാഹനങ്ങള്‍ മണിക്കൂറോളം പാലത്തിനുളളില്‍ അകപ്പെട്ടു. പിന്നീട് പുറകോട്ടെടുത്താണ് വാഹനങ്ങള്‍ കടന്നുപോയത്. പിന്നാലെയാണ് പോലീസ് കേസെടുത്തതും പ്രതികളെ പിടികൂടിയതും.

ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പൊതുമരാമത്ത് വകുപ്പ് പൊലീസിനെ അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ക്രമീകരിച്ച അലങ്കാര ബള്‍ബുകള്‍, ബാരിക്കേഡുകള്‍, വയറിംഗുകള്‍, റോഡിന്റെ മധ്യഭാഗത്ത് വരച്ച പെയിന്റ് എന്നിവയെല്ലാം നശിപ്പിച്ചു. പ്രതികള്‍ക്കെതിരെ അതിക്രമിച്ചു കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേരല്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതിനുപിന്നാലെ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ചിലർ ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്താനും ഒരുങ്ങി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യുവജന സംഘടനാപ്രവർത്തകരെ കൂട്ടം ചേർന്ന് ആക്ഷേപിക്കുകയായിരുന്നു സമൂഹവിരുദ്ധസംഘം. കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വൈറ്റില മേൽപ്പാലത്തിന്റെ മറവിൽ എറണാകുളം നഗരത്തിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാനും ക്രമാസമാധാനവിഷയം ഉണ്ടാക്കാനാണ് വി ഫോർ കൊച്ചിക്കാർ ശ്രമിച്ചത്. എന്നാൽ, പൊലീസിന്റെ സമയോചിതമായ ഇടപെടൽ ആണ് കുഴപ്പങ്ങൾ ഒഴിവാക്കിയത്. അതിനിടെ വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി.

ബാരിക്കേഡ് അനധികൃതമായി നീക്കി വാഹനം കടത്തിവിട്ട സംഭവത്തിൽ പുതുതായി രണ്ട് കേസുകള്‍ കൂടി മരട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തമ്മനം സ്വദേശി ആന്‍റണി ആല്‍വിന്‍, കളമശേരി സ്വദേശി സാജന്‍, മട്ടാഞ്ചേരി സ്വദേശി ശക്കീര്‍ അലി എന്നിവരാണ് പ്രതികള്‍. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. റോഡ് മാര്‍ക്കിങ്, വാക്വം പമ്പ്, ലൈറ്റ്, വയറിങ് എന്നിവ നശിപ്പിച്ചതടക്കം ഒന്നര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടാക്കി എന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പരാതിയിലുള്ളത്. ഇതിന്‍റെ വിശദമായ കണക്ക് പൊലീസ് ഇന്ന് കോടതിയില്‍ സമർപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.