വെൽഫെയർ പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും തുറന്നുകാട്ടി ശ്രീജ നെയ്യാറ്റിൻകര. സി പി ഐ എമ്മിനെ ആശയങ്ങളും നയനിലപാടുകളും മുൻ നിർത്തി പരസ്യ സംവാദത്തിന് വെല്ലുവിളിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിനെ സ്വന്തം അനുഭവം പങ്കുവയ്ച്ച് വിമർശിക്കുകയാണ് ശ്രീജ. ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടേയും എസ് ഡി പി ഐ യുടേയും റിസൾട്ട് എന്ന ചർച്ചയിൽ പങ്കെടുക്കാൻ തന്നെ വിളിച്ചിരുന്നെന്ന് ശ്രീജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ ഹമീദ് വാണിയമ്പലവുമായി ബന്ധപ്പെട്ടപ്പോൾ ശ്രീജയുള്ള ചർച്ചയിൽ പങ്കെടുക്കാൻ കഴിയിലെന്ന് ഹമീദ് സമയം മലയാളത്തെ അറിയിച്ചതായി ശ്രീജ പറയുന്നു. പാർട്ടി വിട്ടു പുറത്തു പോയ ആളുമായി സംവാദത്തിന് സാധിക്കില്ലെന്നായിരുന്നു അവരുടെ വിശദീകണമെന്ന് മാധ്യമം അറിയിച്ചതായി ശ്രീജ കുറിപ്പിൽ വ്യക്തമാക്കി. പാർട്ടി വിട്ടു പോയ ഒരു സ്ത്രീക്കൊപ്പം പിന്നീട് ഒരു രാഷ്ട്രീയ ചർച്ചയിൽ പങ്കെടുക്കാൻ ശേഷിയില്ലാത്തവരുടെ സി പി ഐ എമ്മിനോടുള്ള പരസ്യ സംവാദ
വെല്ലുവിളി കണ്ടപ്പോൾ ഈ സംഭവം ഓർത്തു അതിവിടെ പറയണം എന്ന് തോന്നി അത്രേയുള്ളൂ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
വെൽഫെയർ പാർട്ടിയുടെ ആശയങ്ങളും നയനിലപാടുകളും മുൻ നിർത്തി പരസ്യ സംവാദത്തിന് സി പി ഐ എമ്മിനെ വെല്ലുവിളിക്കുന്ന സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ ഒരു പോസ്റ്റർ ശ്രദ്ധയിൽ പെട്ടു … വളരെ നല്ല കാര്യം ആ സംവാദത്തിന് സി പി ഐ എം തയ്യാറായാൽ കാണാൻ ഞാനുമുണ്ടാകും
ആ പോസ്റ്റർ കണ്ടപ്പോൾ മനസ്സിലോടിയെത്തിയ ഒരു രസമുള്ള സംഭവമുണ്ട് ….
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്.. ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൽ നിന്ന് മുരളി വിളിക്കുന്നു… അവരുടെ ഒരു എഫ് ബി ലൈവ് ചർച്ചയിൽ പങ്കെടുക്കണം വിഷയം തദ്ദേശ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടേയും എസ് ഡി പി ഐ യുടേയും റിസൾട്ട് ആണ് മുസ്ലിം രാഷ്ട്രീയം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ശ്രീജ ചർച്ചയിൽ വേണം അതാണ് മുരളിയുടെ ആവശ്യം…. ബാക്കി ഗസ്റ്റുകളെ കൂടെ വിളിച്ചിട്ട് രണ്ടു ദിവസത്തിനുള്ളിൽ സമയം അറിയിക്കാം … നോക്കട്ടെ ഫ്രീ ആണേൽ തീർച്ചയായും പങ്കെടുക്കാം എന്ന് ഞാൻ മുരളിയോട് പറയുകയും ചെയ്തു ….. രണ്ടു മൂന്നു ദിവസം കഴിഞ്ഞു പിന്നെപ്പോഴോ മുരളിയുടെ കാൾ … അതേയ് ശ്രീജ ഒരു ചെറിയ പ്രശ്നമുണ്ട് ആ ചർച്ചയിലേക്ക് ഞാൻ വെൽഫെയർ പാർട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിനെ വിളിച്ചു .. ആരൊക്കെയുണ്ടെന്ന ചോദ്യത്തിന് ശ്രീജ ഉണ്ടെന്ന് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു ശ്രീജയ്ക്കൊപ്പം ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് തീരുമാനമാണ് പോലും വേറൊന്നും കൊണ്ടല്ല അവർ പാർട്ടിയിൽ നിന്നും വിട്ടു പോയതല്ലേ എന്ന് വിശദീകരണവും മുരളിക്കാണെങ്കിൽ ആകെ പ്രശ്നം. എന്നെ വിളിക്കുകയും ചെയ്തു പിന്നെ ഒഴിവാക്കുന്നതിന്റെ സങ്കടവും… എന്തായാലും ആ ചർച്ചയുടെ സ്വഭാവത്തിന് എന്നെക്കാളേറെ പ്രാധാന്യം എസ് ഡി പി ഐ യുടേയും വെൽഫെയർ പാർട്ടിയുടേയും പ്രതിനിധികളാണെന്ന് എനിക്ക് ബോധ്യമുള്ളതു കൊണ്ട് ഞാൻ മുരളിയോട് ചർച്ച ഭംഗിയായി നടക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് സ്വയം പിന്മാറി ….
ഇതിവിടെ പറയണമെന്ന് വിചാരിച്ചിരുന്നതല്ല കാരണം ഇതൊക്കെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ് ഹമീദ് വാണിയമ്പലത്തിനെന്നല്ല ആർക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട് … ആർക്കൊപ്പം സംവാദത്തിൽ പങ്കെടുക്കണം വേദി പങ്കിടണം എന്നൊക്കെ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത് … അതിലൊരു തെറ്റും ഞാൻ കാണുന്നില്ല …
എന്നാൽ പാർട്ടി വിട്ടു പോയ ഒരു സ്ത്രീക്കൊപ്പം പിന്നീട് ഒരു രാഷ്ട്രീയ ചർച്ചയിൽ പങ്കെടുക്കാൻ ശേഷിയില്ലാത്തവരുടെ സി പി ഐ
എമ്മിനോടുള്ള പരസ്യ സംവാദ
വെല്ലുവിളി കണ്ടപ്പോൾ ഈ സംഭവം ഓർത്തു അതിവിടെ
പറയണം എന്ന് തോന്നി അത്രേയുള്ളൂ …