മൊബൈൽ ആപ്പുകൾ വഴി നൽകുന്ന വായ്പ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാൻ റിസർവ് ബാങ്ക്. വായ്പാതിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ വിവരങ്ങൾ ചോർത്തി, അതുപയോഗിച്ച് സമൂഹത്തിൽ അവരെ അപകീർത്തിപ്പെടുത്തി പണം തിരിച്ചുപിടിക്കുന്ന രീതിയാണ് ആപ്പുകൾ പിന്തുടരുന്നത്. ഇത്തരത്തിൽ വായ്പ എടുത്തതിന്റെ പേരിൽ ഇതുവരെ രണ്ട് ആത്മഹത്യകളും റിപ്പോർട്ടുചെയ്തിട്ടുണ്ട്.
വായ്പാ ആപ്പുകൾക്കുപിന്നിൽ ചൈനയിൽനിന്നുള്ളവരാണെന്ന് കർണാടകയിലും ഹൈദരാബാദിലും നടന്ന അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു.ആപ്പുകൾക്ക് വിദേശബന്ധമുണ്ടെന്ന പോലീസ് റിപ്പോർട്ടുകളെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർചെയ്തു. ഇതിനുപിന്നാലെയാണ് പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ആർ.ബി.ഐ. അന്വേഷണത്തിനൊരുങ്ങുന്നത്.
നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭ്യമാക്കുന്നതിനും പിൻവലിക്കുന്നതിനും ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. ഹൈദരാബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് 1.4 കോടി ഇടപാടുകളിലൂടെ 21,000 കോടി രൂപയുടെ കൈമാറ്റം നടന്നതായി വ്യക്തമായിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ ആറുമാസക്കാലത്ത് നടന്നതാണ്. വേഗം കണ്ടുപിടിക്കാതിരിക്കാൻ വ്യാജകമ്പനികളുടെ പേരിലാണ് (ഷെൽ കമ്പനികൾ) ഈ പണം ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് വന്നിരിക്കുന്നതെന്നാണ് വിവരം. നിയമങ്ങൾ മറികടക്കാനായി ഇത്തരം ആപ്പുകൾ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്നതായും സംശയിക്കുന്നുണ്ട്.