Home Newspool ഫിലമെൻറ് രഹിത പദ്ധതിയുമായി കേരളം; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഫിലമെൻറ് രഹിത പദ്ധതിയുമായി കേരളം; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

SHARE

വീടുകളിലെ സാധാരണ ഫിലമെൻറ് ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാൻ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂർണമായാൽ 100 മുതൽ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാൻ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് കുറയും.

മൂന്നുവർഷം ഗ്യാരൻറിയുള്ള എൽ.ഇ.ഡി. ബൾബുകളാണ് നൽകുന്നത്. 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്കാണ് നൽകുക. ഗ്യാരൻറി കാലയളവിനിടയിൽ കേടായാൽ മാറ്റി നൽകും. ബൾബിൻറെ വില വൈദ്യുതി ബില്ലിൻറെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

കെ.എസ്.ഇ.ബിയുടെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് ബൾബ് നൽകുന്നത്. നിലവിൽ 17 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് നൽകാൻ 1 കോടി ബൾബുകൾ ഈ ഘട്ടത്തിൽ വേണം. രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. പരമാവധി പേർ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യർത്ഥിച്ചു.

പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെ.എസ്.ഇ.ബിയും എനർജി മാനേജ്മെൻറ് സെൻററും ചേർന്ന് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി തിരിച്ചെടുക്കുന്ന ഫിലമെൻറ് ബൾബുകൾ ക്ലീൻ കേരള കമ്പനിക്ക് നൽകും. അവർ അതു ശാസ്ത്രീയമായി സംസ്കരിക്കും. ആഗോളതാപനം തടയാൻ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദൽ ഇടപെടലാണ് ഫിലമെൻറ് രഹിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവു വിളക്കുകൾ പൂർണമായി എൽ.ഇ.ഡി.യായി മാറ്റാനുള്ള ‘നിലാവ്’ പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളിൽ 5.5 ലക്ഷം ഇപ്പോൾ തന്നെ എൽ.ഇ.ഡി.യാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ രണ്ടു ലക്ഷം ബൾബുകൾ മാറ്റും. അടുത്ത ഘട്ടത്തിൽ ബാക്കി മുഴുവൻ മാറ്റും. വൈദ്യുതി ഉല്പാദന-വിതരണ-പ്രസരണ രംഗങ്ങളിൽ നാലര വർഷം കൊണ്ട് സർക്കാർ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായി നാലുവർഷം ദേശീയ ഊർജസംരക്ഷണ അവാർഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈദ്യുതി ബോർഡ് ഡയറക്ടർ ഡോ. വി. ശിവദാസൻ സ്വാഗതം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.