വയറിളക്കത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ആറുവയസ്സുകാരന് ഷിഗല്ല രോഗബാധ ഉണ്ടായയതായി ആരോഗ്യവകുപ്പ് അധികൃതർ.
എങ്ങനെയാണ് ഷിഗല്ല ബാക്ടീരിയ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിൻ കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ആദ്യമായാണ് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസ്സുകാരന് രോഗം മാറാത്തതിനാൽ നടത്തിയ തുടർപരിശോധനയിലാണ് ഷിഗല്ല കണ്ടത്തിയത്.പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ, വാർഡ് അംഗം കെ.വി. ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൻ ആരോഗ്യവകുപ്പ് അധികൃതർ വീട് സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
വീട്ടിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചുപേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.തൊടീക്കളം പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഷെറീജ് ജനാർദനൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. ബദറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ പ്രദേശത്തെ കിണർവെള്ളം പരിശോധിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും സമീപവീടുകൾ സന്ദർശിച്ച് ബോധവവത്കരണം നടത്തുകയും ചെയ്തു.
പനി, വയറിളക്കം, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് രോഗലക്ഷണം. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാൽ രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണം കാണപ്പെടും.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷെറീജ് ജനാർദനൻ പറഞ്ഞു.