Home Politics വിശ്വാസ്യത വീണ്ടെടുക്കാൻ വീണുരുണ്ട് മകാരാദികൾ

വിശ്വാസ്യത വീണ്ടെടുക്കാൻ വീണുരുണ്ട് മകാരാദികൾ

SHARE

കെ വി –

അങ്ങേയറ്റം തരംതാണ നിലയിൽ രാഷ്ടീയവിരോധം തീർത്തും നിക്ഷിപ്ത താല്പര്യങ്ങളെ അതിരുവിട്ട് തുണച്ചും നാണംകെട്ട മകാരാദി മാധ്യമങ്ങൾ വിശ്വാസ്യത വീണ്ടെടുക്കാനുള്ള കുറുക്കുവഴികളിലേക്ക് . സ്വർണക്കടത്ത് കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ച വാർത്തയ്ക്ക്
” ശിവശങ്കർ പ്രതിപ്പട്ടികയിലില്ല ” എന്ന തലക്കെട്ട് മലയാള മനോരമയിൽ കണ്ടപ്പോൾ ആദ്യം അതിശയിച്ച് മൂക്കത്ത് വിരൽ വെച്ചുപോയി. ഇതെന്ത് കഥ… സമാനസ്വഭാവമുള്ള മറ്റു ചില പത്രങ്ങളിൽ കൂടി കണ്ണോടിച്ചപ്പോളാണ് സംഗതി പിടികിട്ടിയത്.

വാർത്താവിന്യാസത്തിലുൾപ്പെടെ ചെറിയ ശൈലീമാറ്റം വരുത്തിയിട്ടുണ്ട് മിക്ക ഒക്കച്ചങ്ങാതിമാരും. സംഘിദാസന്മാരുടെ ആധിപത്യത്തിലായശേഷം മാർക്സിസ് റ്റ് വിരുദ്ധതയിൽ ഒന്നാം സ്ഥാനത്തിന് മത്സരിക്കാൻ തുടങ്ങിയ മാതൃഭൂമിയിലുമുണ്ട് നേരിയ വ്യത്യാസം . തദ്ദേശ സ്വയംഭരണ സമിതി തെരഞ്ഞെടുപ്പുവരെ ഏതെങ്കിലും വിധത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ വാർത്തകൾ വല്ലാത്തൊരു ശാഠ്യത്തോടെ ഒന്നാം പേജിൽനിന്ന് അവർ ഒഴിവാക്കിയിരുന്നു. എന്നാൽ അത്തരത്തിൽ പെടുന്ന ചിലതൊക്കെ ഇപ്പോൾ മുഖ്യവാർത്തകളിലേക്ക് കയറുന്നുണ്ട്; ചില ദിവസങ്ങളിൽ മൂന്നും നാലും വാർത്തവരെ .

എഡിറ്റോറിയൽ പേജിലുമുണ്ട് കാവിച്ചായ് വ് നിലപാടിൽ അല്പം മയം. ” ഗെയിൽ യാഥാർത്ഥ്യമാവുമ്പോൾ ” എന്ന മാതൃഭൂമിയുടെ ബുധനാഴ്ചത്തെ മുഖപ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെ സാന്ദർഭികമായെങ്കിലും പ്രകീർത്തിച്ചത് ശ്രദ്ധേയമാണ്.
” മാറണം നാടിനു വേണ്ടി ” എന്ന പ്രൊഫ. കെ വി തോമസിന്റെ അനുബന്ധ ലേഖനവും ഇതോടൊപ്പം കൂട്ടിവായിക്കാൻ അവസരം നൽകിയതും അഭിനന്ദനീയം. ഈയിടെ ഒരുനാൾ ഇ എം എസിന്റെയും ഇ കെ നായനാരുടെയും കെ കരുണാകരന്റെയും നിലവാരത്തിൽ കേര ളത്തെ ഇളക്കിമറിച്ച നേതാവായി ഒരേ പെട്ടിക്കോളത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും ചിത്രസഹിതം അവതരിപ്പിച്ച പത്രമാണ് ഇതെന്നോർക്കണം.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിച്ച ഭരണപാടവത്തെയും ഇച്ഛാശക്തിയെയും മാത്രമല്ല മാതൃഭൂമി പ്രശംസിച്ചിരിക്കുന്നത്. കാൽ നൂറ്റാണ്ടോളംമുമ്പ് വൈദ്യുതി മന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ ഊർജപ്രതിസന്ധി പരിഹരിക്കാൻ അദ്ദേഹം വിജയകരമായി നടപ്പാക്കിയ കർമപദ്ധതിയെ ശ്ലാഘിച്ചതും അനുസ്മരിക്കുന്നു. അതിനും പുറമെ, ദേശീയപാതാ വികസനത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ നിറവേറ്റിയ പ്രത്യേക പങ്കിനെയും അഭിനന്ദിക്കുന്നു. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 16 വരെയുള്ള സമീപ കാലയളവിലൊന്നും മാതൃഭൂമിയ്ക്ക് ഈ മാതിരി സവിശേഷ നേതൃഗുണമുള്ള നേതാവായിരുന്നില്ല മുഖ്യമന്ത്രി.

സ്വർണക്കടത്ത് കേസിന്റെ മറവിൽ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ എന്തെല്ലാം കോലാഹലങ്ങളാണ് ഇവിടെ യു ഡി എഫിന്റെയും ബി ജെ പി യുടെയും നേതൃത്വത്തിൽ അരങ്ങേറിയിരുന്നത് …! ആ അക്രമസമരത്തെയെന്നപോലെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ വഴിവിട്ട നീക്കത്തെയും കലവറയഴിഞ്ഞ് പിന്തുണച്ച നിഷ്പക്ഷതയാണ് മുഖ്യധാരാ മാധ്യമങ്ങളുടേതെന്ന് വായനക്കാർ മറന്നിട്ടില്ല. സൗജന്യ ഇന്റർനെറ്റ് സൗകര്യം വ്യാപിപ്പിക്കാനുള്ള കെ ഫോൺ പദ്ധതിയെയും , സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറ പാകിയ കിഫ്ബിയെയും പാവങ്ങൾക്ക് തലചായ്ക്കാൻ സ്വാന്തഃമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന ലൈഫ് മിഷൻ അടക്കം പാരവെപ്പിലൂടെ തകർക്കാൻ ശ്രമിച്ചതും മകാരാദി മാധ്യമങ്ങൾതന്നെ.

അക്കൂട്ടത്തിലുള്ള മാതൃഭൂമി പത്രത്തിൽ സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രൊഫ. കെ വി തോമസിന്റെ സുചിന്തിത കാഴ്ചപ്പാടിന് ഇടം നൽകിക്കാണുന്നത് സന്തോഷപ്രദമാണ്. അന്ധമായ രാഷ്ട്രീയ അല്പത്തരം വെച്ചുപുലർത്തി , നാടിന്റെ വികസനത്തെ എതിർക്കുന്ന സമീപനം ഏത് പക്ഷത്തുനിന്നായാലും തിരുത്തണമെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നത്. ” രാഷ്ട്രീയ കിടമത്സരത്തിൽ ഒരു പദ്ധതിയും നഷ്ടപ്പെടരുത്; വൈകരുത്. ഒരു പദ്ധതിക്കെതിരെ ഒരു ശബ്ദം ഉയർന്നാൽ പല കൊടികൾ ഉയർന്ന് പല വർഷങ്ങൾ കടന്നുപോകും.

ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി സഫലമാക്കാൻ 12 വർഷം വൈകിയത് നമ്മെ പഠിപ്പിക്കുന്നത് അതാണ് ” – കോർപ്പറേറ്റ് കമ്പനികൾക്ക് ഒത്താശ ചെയ്യുന്ന വികസനവിരുദ്ധ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിച്ച വാർത്താമാധ്യമങ്ങൾ ചെവിക്കൊള്ളേണ്ട നല്ലൊരു സന്ദേശമാണിത് ; ഒപ്പം മുൻ എം പി കൂടിയായ കെ വി തോമസിനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ ശബ്ദം അവഗണിക്കുന്ന കോൺഗ്രസ്സും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.