Home Newspool അക്ഷയ കേരളം: രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി തെരഞ്ഞെടുത്തു

അക്ഷയ കേരളം: രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി തെരഞ്ഞെടുത്തു

SHARE

പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങൾ അർഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നൽകിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ കേരളം നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താൻ ആരോഗ്യ വകുപ്പ് ‘എന്റെ ക്ഷയരോഗമുക്ത കേരളം’ എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി നടപ്പിലാക്കിയത്. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങൾ ചുമയും പനിയും ആയതിനാൽ ക്ഷയരോഗം കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷയ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദർശനത്തിലൂടെ സ്‌ക്രീൻ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ക്ഷയരോഗം കണ്ടെത്തിയ എല്ലാവർക്കും ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീടുകളിലെത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ക്ഷയരോഗ സാധ്യത അധികമായുള്ള വയോജനങ്ങൾ, ദീർഘകാല ശ്വാസകോശ രോഗമുള്ളവർ, പ്രമേഹരോഗമുള്ളവർ, പുകവലി-അമിത മദ്യപാന ശീലമുള്ളവർ, പോഷകാഹാരക്കുറവുള്ളവർ, കിടപ്പ് രോഗികൾ എന്നിവർക്കും രണ്ടാഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന ചുമ, പനി, ശരീരഭാരം കുറയുക, രാത്രിയിൽ വിയർക്കുക എന്നീ ലക്ഷണങ്ങളുള്ളവർക്കും കൊവിഡ് പരിശോധനയോടൊപ്പം തന്നെ ക്ഷയരോഗ പരിശോധനയും നടത്തുവാൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും മാതൃകയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തു.

ക്ഷയരോഗ നിയന്ത്രണത്തിന് മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകളെ അക്ഷയകേരളം പുരസ്‌ക്കാരം നൽകി കഴിഞ്ഞ ഒക്‌ടോബറിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആദരിച്ചിരുന്നു. തുടർച്ചയായി 12 മാസം അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തുകളെയും ക്ഷയരോഗ ചികിത്സ ഇടക്കുവെച്ചു നിർത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഡ്രഗ് റെസിസ്റ്റന്റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനങ്ങളെയുമാണ് ആദരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.