കേരളത്തിന് അഭിമാനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഗെയിൽ പദ്ധതി യാഥാർഥ്യം ആകില്ലായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദർ പ്രധാൻ ചടങ്ങിൽ പറഞ്ഞു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവരും പങ്കെടുത്തു.
കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
സംയുക്ത സംരഭം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി കേരള പൊലീസ് നടത്തിയ സേവനത്തേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കുറഞ്ഞ വിലയില്‍ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാന്‍ സാധിച്ചാല്‍ വന്‍തോതിലുള്ള വികസനമായിരിക്കും സാധ്യമാക്കുകയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അനുമോദിച്ചു.