ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എന്‍ഐഎ കുറ്റപത്രം. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയെന്ന കേസിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം അനുസരിച്ച് സ്വപ്ന സുരേഷ്, സരിത്ത്, റമീസ് എന്നിവരാണ് ആദ്യ മൂന്ന് പ്രതികള്‍. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണ വേളയില്‍ രഹസ്യമൊഴി നല്കാന് തയ്യാറാണെന്ന് നേരത്തെ സന്ദീപ് നായര്‍ രഹസ്യമൊഴി നല്കാന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ നല്‍കുകയും മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. രഹസ്യമൊഴി നല്കാന് സന്ദീപ് നായര്‍ തയ്യാറായതിന് പിന്നില്‍ എന്‍ഐഎയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് നേരത്തെതന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം നല്കിയ കുറ്റപത്രം.
കേസില്‍ നിരവധി തവണ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയനായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല. യുഎപിഎ നിയമം അനുസരിച്ച് ശിവശങ്കറെ പ്രതിയാക്കാനുള്ള തെളിവ് എന്‍ഐഎയ്ക്ക് ഇല്ലെന്നാണ് സൂചന. ഇതേ കാരണത്താല്‍ എന്‍ഐഎ പ്രതിരോധത്തിലുമാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തിയാണ് എന്‍ഐഎ നേരത്തെ കേസെടുത്തത്. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന് ആധാരമായ തെളിവുകളും എന്‍ഐഎ കോടതിയില്‍ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം നല്‍കിയത്. കേസിലെ മുഖ്യ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് എന്‍ഐഎയുടെ നടപടി. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം നല്‍കിയത്.
സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് തുടങ്ങി മുപ്പത്തഞ്ചോളം പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ 21 പേരെയാണ് എന്‍ഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികള്‍ ഉള്‍പ്പടെ ഏഴ് പേരാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്. 12 പ്രതികള്‍ക്കാണ് ഇതുവരെ കേസില്‍ ജാമ്യം ലഭിച്ചത്.
Home Newspool ബിജെപി പ്രവര്ത്തകന് സന്ദീപ് നായര്‍ മാപ്പുസാക്ഷി; സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു