-കെ വി –
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടിയുമായി യു ഡി എഫ് സഖ്യം തുടരുമോ…? തദ്ദേശ സ്വയംഭരണസമിതി തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ദോഷം ചെയ്ത ഈ കൂട്ടുകെട്ട് ആവർത്തിക്കില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. എന്നാൽ അവരുടെ മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗ് ഇതുസംബന്ധിച്ച് മൗനം പാലിക്കുകയാണ്. മറ്റു യു ഡി എഫ് നേതാക്കളും പ്രതികരിക്കുന്നില്ല.
ജമാ അത്തെ ഇസ്ലാമിക്ക് കീഴിലുള്ള പാർട്ടിയുമായി രാഷ്ട്രീയ സഖ്യം അരുതെന്നാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്. അതിന് വിരുദ്ധമായി അനഭിമത കക്ഷിയുമായി ചർച്ചയ്ക്ക് പോയ തന്റെ സഹപ്രവർത്തകൻ യു ഡി എഫ് സംസ്ഥാന കൺവീനർ എം എം ഹസ്സനെ നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട് മുല്ലപ്പള്ളി.
” കോൺഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയവിനിമയമാകാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആനയും അമ്പാരിയുമായി , കൊട്ടും കുരവയുമായി അതിന് മുതിർന്നാൽ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് സംഭവിച്ചത് ” – എന്ന് മുല്ലപ്പളളി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ യു ഡി എഫിനെതിരാക്കിയത് വെൽഫെയർ പാർട്ടിയുമായുള്ള സഖ്യമാണ്. മാത്രമല്ല, ക്രൈസ്തവ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യഥാത്വത്തിനും ഇത് ഇടയാക്കിയെന്നുമാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ നിരീക്ഷണം.
മനോരമ ഓൺലൈനിൽ ക്രോസ് ഫയർ അഭി മുഖത്തിലാണ് യു ഡി എഫിന്റെ അവിശുദ്ധ ധാരണയാണ് തോൽവിക്ക് മുഖ്യഹേതുവായതെന്ന് അദ്ദേഹം. തുറന്നുസമ്മതിച്ചത്. എന്നാൽ, അവരുടെ പിന്തുണയിലൂടെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും തദ്ദേശ ഭരണവേദികളിൽ നേട്ടമുണ്ടാക്കിയതിനെക്കുറിച്ചോ , ആ സ്ഥാനങ്ങൾ കൈയൊഴിയുന്നതിനെപ്പറ്റിയോ ഒന്നും പറഞ്ഞിട്ടില്ല. അതേസമയം പലേടത്തും ഗ്രാമ പഞ്ചായത്ത് ഭാരവാഹിതെരഞ്ഞെടുപ്പിൽ , ആവശ്യപ്പെടാതെ കിട്ടിയ വർഗീയകക്ഷി പിന്തുണയിൽ ജയിച്ച സ്ഥാനങ്ങൾപോലും എൽ ഡി എഫ് വേണ്ടെന്നുവെച്ചിരുന്നു.
ഒട്ടേറെ ഗ്രാമ പഞ്ചായത്ത് – നഗരസഭാ വാർഡുകളിൽ മൃദുഹിന്ദുത്വ ചായ് വു കാട്ടി ബി ജെ പിയുമായും യു ഡി എഫ് രഹസ്യബാന്ധവമുണ്ടാക്കി പൊതു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. കണ്ണൂർ കോർപ്പറേഷനിൽ ബി ജെ പി ക്ക് സ്വന്തം സ്ഥാനാർത്ഥിയുള്ള ചില ഡിവിഷനുകളിൽ വരെ യു ഡി എഫിന് വോട്ട് മറിച്ച് ചെയ്യുകയുമുണ്ടായി. മലപ്പുറം ജില്ലയിൽ ഏലംകുളം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വെൽഫെയർ പാർട്ടി കൈയടക്കിയത് യു ഡി എഫ് മുന്നണിയിലെ ഘടകകക്ഷി എന്ന നിലയ്ക്കുതന്നെയായിരുന്നു.
ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഒരേപോലെ എതിർക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിച്ചിരുന്നത്. എന്നാൽ , ഇരുപക്ഷവുമായും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധമുറപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ കെ പി സി സി അധ്യക്ഷൻകൂടിയായ എം എം ഹസ്സനും മുൻകൈയെടുത്തായിരുന്നു.
എന്ത് സമ്മർദമുണ്ടായാലും വെൽഫെയർ പാർട്ടിയുമായി സഖ്യം നിലനിർത്തണമെന്നാണ് മുസ്ലീം ലീഗ് വാദിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലെ പ്രബലമായ ഒരു വിഭാഗവും ഇതിനെ അനുകൂലിക്കുന്നു. മുല്ലപ്പള്ളിയുടെ അഭിപ്രായം സംസ്ഥാന കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം അവഗണിച്ചത് അണികളിൽ ചർച്ചയായിട്ടുണ്ട്. പരസ്യമായ ബന്ധം ഒഴിവാക്കി രഹസ്യ നീക്കുപോക്ക് ആ വാമെന്നാണ് കെ മുരളീധരന്റെയും മറ്റും ഒത്തുതീർപ്പു ഫോർമുല . പക്ഷേ, പറഞ്ഞുപോയതിൽനിന്ന് പിന്മാറാൻ മുല്ലപ്പള്ളി വഴങ്ങുന്നില്ല.