കേരളത്തിൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടുരിലുമാണ് എച്ച്-5 എൻ8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്.ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.
വൈറസിനുണ്ടാകുന്ന ജനിതകവ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ പകർന്നിട്ടില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും പ്രതിരോധപ്രവർത്തനങ്ങൾ ഉർജിതമെന്നും മന്ത്രി കെ രാജു വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച ആലപ്പുഴ,- കോട്ടയം ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. രോഗം സ്ഥിരീകരിച്ച മേഖലയ്ക്ക് ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. മുഴുവൻ താറാവുകളെയും കൊന്ന് കത്തിക്കുന്ന നടപടി ചൊവ്വാഴ്ച ആരംഭിക്കും.
ഏകദേശം 48,000 ഓളം പക്ഷികളെ ഇത്തരത്തിൽ കൊല്ലേണ്ടി വരും. കഴിഞ്ഞ വർഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാനരീതിയിൽ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം പടരുന്നത് തടഞ്ഞത്.
പ്രദേശത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. ഇതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകർമ സേനകളെ നിയോഗിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്നാട് വിലക്കേർപ്പെടുത്തി. തമിഴ്നാട് സർക്കാർ അതിർത്തികളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.