ഗൽഫ് രാജ്യങ്ങൾക്കിടയിലുള്ള സൗഹൃദവും വ്യാപര ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി 41-ാമത് ഗൾഫ് ഉച്ചകോടിക്ക് ഇന്ന് സൗദി അറേബ്യയിലെ അൽ ഉലയിൽ തുടക്കം.
ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് അൽത്താനി ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഖത്തർ അമീറിനുൾപ്പെടെ എല്ലാ രാഷ്ട്രത്തലവന്മാർക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു. ഗിന്നസ് റിക്കാർഡ് നേടിയ അൽഉല പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുന്നത്.
ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായി സൗഹൃദ ബന്ധത്തിൽ പുതിയ പ്രതീക്ഷക്ക് വകനൽകി സഊദി- ഖത്തർ അതിർത്തി തുറന്നു. നാല് വർഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ കര, വ്യോമ, നാവിക പാതകൾ തുറക്കുന്നത്. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് നാല് വർഷം നീണ്ടുനിന്ന ഉപരോധം അവസാനിപ്പിച്ചത്.
2017 ജൂൺ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സഊദി, യു എ ഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.