കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലേയ്ക്ക് മാർച്ച് നടത്തിയ ഹരിയാണയിൽനിന്നുള്ള കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഡൽഹിയിലേയ്ക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാണയിലെ റവാരി-ആൽവാർ അതിർത്തിയിലാണ് പോലീസ് ഏറ്റുമുട്ടിയത്.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു പോകാൻ ശ്രമിച്ച സമരക്കാർക്കു നേരെ പോലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്ന് പോലീസും സമരക്കാരുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
പിന്നീട് സമരക്കാരെ മസാനിയിലുള്ള ഒരു മേൽപാലത്തിൽ വെച്ച് തടഞ്ഞതായി റെവാരി പോലീസ് പറഞ്ഞു. കർഷകർക്കു നേരെ പോലീസ് തുടർച്ചയായി കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുമായുള്ള കേന്ദ്രസർക്കാരിന്റെ ഏഴാംവട്ട ചർച്ച ഇന്ന് നടക്കും. സമരം അവസാനിപ്പിക്കാൻ കേന്ദ്രത്തിനുമുന്നിൽ കർഷകർവെച്ച നാലുകാര്യങ്ങളിൽ രണ്ടെണ്ണത്തിൽ കഴിഞ്ഞ ചർച്ചയിൽ ധാരണയായിരുന്നു. കാർഷികനിയമങ്ങൾ പിൻവലിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ മുഖ്യ ആവശ്യങ്ങളിലാണ് ഇനിയുള്ള ചർച്ച