രണ്ടുദിവസമായി 18 മണിക്കൂർ നീണ്ട തിരച്ചിലിന് വിരാമം. പഞ്ചലോഹവിഗ്രഹം നൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടിയശേഷം സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പന്താവൂർ കിഴക്കേലവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദിന്റെ മൃതദേഹാവശിഷ്ടം പൂക്കരത്തറയിലെ കിണറ്റിൽനിന്ന് കണ്ടെടുത്തു. പ്രതികളായ വട്ടംകുളം അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽപടി എബിൻ (27) എന്നിവരുടെ മൊഴികൾ പ്രകാരമായിരുന്നു തിരച്ചിൽ.
2020 ജൂൺ 11-ന് കോഴിക്കോട്ടേക്കെന്നുപറഞ്ഞ് പ്രതികൾ കൂട്ടിക്കൊണ്ടുപോയ ഇർഷാദിനെ നേരത്തേ വാങ്ങിയ അഞ്ചുലക്ഷത്തിനുപുറമെ ഒന്നരലക്ഷം രൂപ കൂടി കൈക്കലാക്കിയശേഷമാണ് പ്രതികൾ ക്രൂരമായി കൊലചെയ്തത്. ഇവരുടെ മൊഴിയനുസരിച്ച് പൂക്കരത്തറ സെന്ററിലെ മാലിന്യം തള്ളുന്ന കിണറ്റിൽ ശനിയാഴ്ച എട്ടുമണിക്കാണ് പോലീസ് തിരച്ചിലാരംഭിച്ചത്.
എന്നാൽ ശനിയാഴ്ച അഞ്ചരവരെയും ഞായറാഴ്ച മണിക്കൂറുകളും തിരഞ്ഞിട്ടും മാലിന്യമല്ലാതെ ഒന്നും കിട്ടാതായതോടെ പോലീസ് ആശങ്കയിലായിരുന്നു. തിരച്ചിൽ അവസാനിപ്പിക്കാൻ ഏതാനും സമയംകൂടി അവശേഷിക്കേ അഞ്ചുമണിയോടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കൈകാലുകൾ മടക്കിക്കൂട്ടി ചണത്തിന്റെ ചാക്കിലാക്കിയശേഷം പ്ലാസ്റ്റിക് കവറിൽ കയറ്റിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടം.