അഞ്ച് വർഷത്തോളം വീടിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടാവാത്തതിനാൽ ഗുജറാത്തിൽ കർഷകർ ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിന് അപേക്ഷ നൽകിയ എഴുപതുകാരനായ ബൽവന്ദ് ചരൺ ആണ് പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്തത്.
ഗുജറാത്ത് പൊലീസിൻ്റെ എമർജൻസി നമ്പറായ 112ൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചതിനു ശേഷമാണ് ബൽവന്ദ് ജീവനൊടുക്കിയത്. പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങി താൻ മടുത്തുവെന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. പഞ്ചായത്ത് ഓഫീസിലെ മൂന്നാം നിലയിലെ സ്റ്റെയർകേസിലാണ് അദ്ദേഹം തൂങ്ങിമരിച്ചത്.
ആത്മഹത്യ ചെയ്യുകയാണെന്ന് വിളിച്ച് അറിയിച്ചെങ്കിലും മറ്റ് വിശദാംശങ്ങൾ ഇദ്ദേഹം പറഞ്ഞിരുന്നില്ല. ആരാണ് അപേക്ഷ വൈകിച്ചതെന്നോ ഏത് പഞ്ചായത്ത് ഓഫീസിലാണ് ആത്മഹത്യ ചെയ്യാൻ പോകുന്നതെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. നിലവിൽ ആത്മഹത്യയാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.