തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ ചരിത്ര വിജയത്തിന് പിന്നാലെ പൊതു അഭിപ്രായ രൂപീകരണത്തിന് ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്ത് സി പി ഐ എം. ജനുവരി 24 മുതൽ 31 വരെ പാർട്ടി നേതാക്കളുൾപ്പടെ ചുമതലയുള്ള ഇടങ്ങളിൽ ഗൃഹസന്ദർശനം നടത്തും. പൊതുജനങ്ങളുമായി ആശയ സംവാദം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ജനങ്ങളുമായി പാർടി പ്രവർത്തകർ ആശയ വിനിമയം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന പരിപാടികൾ ജനങ്ങളെ അറിയിക്കാൻ ഗൃഹസന്ദർശനം കൂടുതൽ ഉപകാരപ്പെടും.
സാധാരണ മനുഷ്യന്റെ താൽപര്യം സംരക്ഷിച്ച് കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി പങ്കുവക്കാനും ബന്ധം സ്ഥാപിക്കാനും ഗൃഹസന്ദർശനം സഹായിക്കുമെന്നും സി പി ഐ എം വിലയിരുത്തുന്നു. മുഖ്യമന്ത്രി നടത്തിയ കേരളം പര്യടനത്തിൽ നിരവധിയായ വികസന ആശയങ്ങളാണ് പങ്കുവെക്കപ്പെട്ടത് ആ മാതൃകയിൽ വികസന വിഷയങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായ സ്വരൂപണം ഗൃഹസന്ദർശനത്തിന്റെ ലക്ഷ്യമാകും.
അതേസമയം ഗ്രൂപ്പ് പോര് ശ്കതമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിൽ തമ്മിലടി തുടരുകയാണ്. ലീഗിനുള്ളിലും പ്രതിസന്ധി ഉടലെടുത്തതോടെ മുന്നണിയുടെ പ്രവർത്തനങ്ങളും താളം തെറ്റി. പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന ഡി സി സി യോഗങ്ങളും, പ്രാദേശിക യോഗങ്ങളും അലസിപ്പിരിഞ്ഞു. പലയിടങ്ങളിലും നേതാക്കൾക്ക് നേരെ കയ്യേറ്റ ശ്രമവും, പ്രവർത്തകർക്കിടയിൽ കയ്യാങ്കളിയും നടന്നു.
ആരെയെങ്കിലും വിളിച്ച് കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് അണികൾ പോലും പോസ്റ്റർ പ്രചാരണം നടത്തുന്നത്. മുൻപ് ലോക് സഭ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് ശേഷവും സി പി ഐ എം ഗൃഹസന്ദർശന പരിപാടി ഉൾപ്പടെ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ഇതിന്റെ കൂടി ഫലമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം. നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.