Home Newspool 56,000 കോടിയുടെ ബെമൽ 720 കോടിക്ക്‌ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

56,000 കോടിയുടെ ബെമൽ 720 കോടിക്ക്‌ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

SHARE

പാലക്കാട്‌: എതിർപ്പുകൾ അവഗണിച്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനി നവരത്ന കമ്പനി ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബിഇഎംഎൽ) വിൽക്കാൻ കേന്ദ്ര സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചു. ഏറ്റെടുക്കാൻ താൽപ്പര്യമുള്ളവർ മാർച്ച്‌ ഒന്നിനകം അറിയിക്കണമെന്നാണ്‌ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്‌.

കേന്ദ്ര സർക്കാരിന്റെ 54.03 ഓഹരിയിൽ 26 ശതമാനവും വിൽക്കാനാണ്‌ തീരുമാനം.കമ്പനിയുടെ മാനേജ്‌മെന്റ്‌ നിയന്ത്രണം ഉൾപ്പെടെ കൈമാറും. 56,000 കോടി രൂപ വിലയുള്ള പൊതുമേഖലാ സ്ഥാപനത്തെ 720 കോടി രൂപ വില കണക്കാക്കിയാണ്‌ കോർപറേറ്റുകൾക്ക്‌ വിൽക്കുന്നത്‌.

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ 518 കോടി വില കണക്കാക്കി വിൽക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളികളുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ എതിർപ്പ്‌, എം ബി രാജേഷ്‌ പാർലമെന്റില്‍ നടത്തിയ ഇടപെടൽ എന്നിവ മൂലം വിൽപ്പന ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ 16 ഘട്ടമായി വിൽക്കാൻ തീരുമാനിച്ചു. അവസാനമാണ്‌ താൽപ്പര്യപത്രം ക്ഷണിച്ച്‌  ഉത്തരവായത്‌.ജീവനക്കാരുടെ എതിർപ്പ്‌ അവഗണിച്ചാണ്‌ പ്രതിരോധ മേഖലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം വിൽക്കുന്നത്‌.

പ്രതിരോധ മേഖലയിൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ബെമൽ ഇന്ത്യൻ സൈന്യത്തിന്‌ ആവശ്യമായ വാഹനങ്ങൾ, റോക്കറ്റ്‌ ലോഞ്ചർ വാഹനങ്ങൾ, ടട്രാ ട്രക്ക്‌സ്‌ എന്നിവ നിർമിക്കുന്നു. ഖനന–- നിർമാണ മേഖലയിലും, മെട്രൊ കോച്ച്‌ നിർമാണത്തിലും കോർപറേറ്റ്‌ സ്ഥാപനങ്ങൾക്ക്‌ വെല്ലുവിളി ഉയർത്തുന്ന ബെമൽ മത്സര ടെൻഡറിലൂടെ 5000 കോടിയുടെ നിർമാണ ഓർഡറുകൾ അടുത്തിടെ നേടിയിരുന്നു.

ബംഗളുരു ആസ്ഥാനമായി 1964ൽ സ്ഥാപിച്ച കമ്പനി ഇതുവരെ ലാഭത്തിൽമാത്രമാണ്‌ പ്രവർത്തിച്ചത്‌. പ്രതിരോധ മേഖലയിൽ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതോടെ രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ 2010ൽ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ 375 ഏക്കറിലാണ് ‌യുണിറ്റ്‌ തുടങ്ങിയത്‌.

സ്ഥാപനം വിൽക്കുമ്പോൾ സ്ഥലം ഉൾപ്പെടെ കോർപറേറ്റുകൾ കൈയടക്കും. ബംഗളൂരു, മൈസൂരു, കോലാർ, കഞ്ചിക്കോട്‌ എന്നീ നാല്‌ ഉൽപ്പാദന യൂണിറ്റുകളിലായി 4160 ഏക്കർ സ്ഥലവും ബെമലിനുണ്ട്‌. റിലയൻസ്‌, വേദാന്ത, കല്യാണി ഗ്രൂപ്പ്‌ എന്നിവയാണ്‌ ബെമൽ ഏറ്റെടുക്കാൻ തുടക്കംമുതൽ താൽപ്പര്യം കാണിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.