ഉത്തർപ്രദേശിലെ മുറാദ്നഗറിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. 32 പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച ശവസംസ്കാരചടങ്ങ് നടന്നുകൊണ്ടിരിക്കെയാണ് മേൽക്കൂര തകർന്നുവീണത്. കോൺക്രീറ്റ് മേൽക്കൂരയുടെ അടിയിൽപ്പെട്ട ആളുകളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽപേർ കുടുങ്ങിക്കിയടപ്പുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് ഗാസിയാബാദ് റൂറൽ എസ് പി ഇരാജ് രാജ പറഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.