– കെ വി –
എസ് എഫ് ഐ @ 50. പഠിച്ചും പൊരുതിയും അര നൂറ്റാണ്ട് … നമ്മുടെ രാജ്യത്തെ വിദ്യാർത്ഥിമുന്നേറ്റത്തിന് അനുപമമായ ഇതിഹാസമാനങ്ങൾ രചിച്ച സംഘടന. കണ്ണൂർ മുതൽ ഡെൽഹി ജെ എൻ യു വരെയുള്ള സർവകലാശാലകളിൽ സമഭാവനയുടെ വിജയക്കൊടി പാറിച്ച പോർവീര്യത്തിന്റെ മറുവാക്ക് . അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ട് ഇരുളടഞ്ഞ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലടക്കം ഇടതുപക്ഷ ചിന്തയ്ക്ക് വേരോട്ടമുണ്ടാക്കിയ നിരവധി ധിഷണാശാലികളെ വളർത്തി വലുതാക്കിയ പഠനക്കളരി . ദേശീയ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കാൻ വരെ പ്രാപ്തരായ ഒട്ടേറെ ഉശിരൻ നേതാക്കളെ നാടിന് സംഭാവന ചെയ്ത് എന്നും അഭിമാനകരമായ ഇടപെടൽശേഷി തെളിയിച്ച പ്രസ്ഥാനം. കേരളവും ബംഗാളും ത്രിപുരയുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭരണസാരഥ്യത്തിലേക്കുയർന്ന ജനനേതാക്കൾക്ക് പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകിയ വിദ്യാർത്ഥിപ്രക്ഷോഭനിര… ഇന്നലെകൾ
അതിജീവിച്ച സഹന സമരപാതകളിലേക്ക് തിരിഞ്ഞുനോക്കുകയാണ് എസ് എഫ് ഐ .പുരോഗമന വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ വിജയക്കുതിപ്പിന് കേരളം സാക്ഷ്യംവഹിക്കുന്നത് 1970 കളിലാണ്. ഭരണകൂട ഭീകരതകൾ എല്ലാ പരിധികളും കടന്ന് അഴിഞ്ഞാടിയ അടിയന്തരാവസ്ഥക്കാലം (1975-77) അതിതീക്ഷ്ണമായ അഗ്നിപരീക്ഷണ ഘട്ടമായിരുന്നു. അന്ന് അമിതാധികാര വാഴ്ചക്കെതിരെയും ജനാധിപത്യാവകാശങ്ങൾ വീണ്ടെടുക്കാനും നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങളാണ് ക്യാമ്പസുകളിൽ എസ് എഫ് ഐ യെ അതുല്യശക്തിയാക്കി ഉയർത്തിയത്. 1978 ൽ തുടങ്ങിയ ജൈത്രയാത്ര പിന്നെ ഇടവേളകൾ അറിഞ്ഞിട്ടേയില്ല. പക്ഷേ, അതിനിടെ നീന്തിക്കയറേണ്ടിവന്ന ചോരച്ചാലുകൾ ഇന്നും മനസ്സിൽ നീറ്റലുണ്ടാക്കുന്നതാണ്. തിരുവനന്തപുരത്തെ ദേവപാലനും പാലക്കാട് കൊടുവായൂരിലെ വേലായുധനും അടിയന്തരാവസ്ഥയിൽ ജയിലിൽ ചികിത്സ നിഷേധിക്കപ്പെട്ട് മരിക്കാനിടയായ മണ്ണാർക്കാട് എം ഇ എസ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസ്തഫയും മുതൽ എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു വരെ എത്രയെത്ര രക്തസാക്ഷികൾ… എത്രയെത്ര സമരധീരർ പകർന്നു തന്ന വീരഗാഥകൾ … എന്തെല്ലാം സഹന പീഡനങ്ങൾ… സാഹസിക ചെറുത്തുനില്പുകൾ … ഒപ്പം പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നുന്ന അനുഭവയാഥാർത്ഥ്യങ്ങളുമുണ്ട് അനേകം . യാഥാസ്ഥിതിക- പിന്തിരിപ്പൻ രാഷ്ട്രീയ ശക്തി കളിൽനിന്ന് ഇത്രയേറെ അടിച്ചമർത്തലുകളും ആക്രമണങ്ങളും നേരിട്ട മറ്റൊരു വിദ്യാർത്ഥിസംഘടന ഉണ്ടോ എന്നുതന്നെ സംശയം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, തെരഞ്ഞെടുപ്പഴിമതി കേസിൽ തോറ്റതിനെത്തുടർന്ന് അധികാരനഷ്ട ഭീതിയിൽ സ്വേഛാനുസരണം അടിച്ചേല്പിച്ചതായിരുന്നു അടിയന്തരാവസ്ഥ . അവർ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അലഹാബദ് ഹൈക്കോടതി വിധി വിലക്കിയിരുന്നു. ഭരണഘടന ഉറപ്പുനൽകിയ പൗരാവകാശങ്ങൾ പൂർണമായി ആ ഇരുണ്ട നാളുകളിൽ റദ്ദാക്കി .
പത്രമാരണ നിയമങ്ങൾകൊണ്ട് വാർത്താ പ്രസിദ്ധീകരണങ്ങളുടെ വായ മൂടിക്കെട്ടി. പ്രതിപക്ഷ നേതാക്കളെ രാജ്യരക്ഷയ്ക്കെന്ന പേരിൽ ജയിലിലടച്ചു. മാത്രമല്ല, സ്വന്തം പാർട്ടിയിലെ പ്രതിയോഗികളെ പുറത്തറിയാത്ത വിധത്തിൽ വീട്ടുതടങ്കലിലാക്കി. അന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം എ ബേബിയും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജോയിന്റ് സെക്രട്ടറി എം വിജയകുമാറും ഉൾപ്പെടെയുള്ള നേതാക്കളെ മിസ (മെയിന്റനൻസ് ഓഫ് ഇന്ത്യൻ സെക്യൂരിറ്റി ആക്ട്) പ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. ഡി ഐ ആർ കേസുകളിൽ പ്രതിയാക്കപ്പെട്ട് ജയിലിലിട്ട നൂറുകണക്കിന് പ്രവർത്തകർ വേറെയും.
എഴുപതുകളുടെ തുടക്കംതൊട്ട് 1980 വരെയുള്ള ഓർമകളാണ് എസ് എഫ് ഐ കാലത്തെക്കുറിച്ച് എന്റെ മനസ്സിൽ തികട്ടിവരുന്നത്. സംഘടനാ വളർച്ചയുടെ പൊതു ചരിത്രമെഴുതാൻ തക്ക അനുഭവബാഹുല്യവും ആധികാരികതയുമുള്ളവർ വേറെയുണ്ടല്ലോ ധാരാളം. സംഘടനാ ജീവിതത്തിൽ എന്നെ ഏറ്റവും വിഷമിപ്പിച്ച അവിസ്മരണീയമായ ഒരനുഭവം മാത്രം ഇവിടെ കുറിക്കട്ടെ.
അടിയന്തരാവസ്ഥയിലെ ജനാധിപത്യക്കുരുതിക്കെതിരെ 1975 ജൂലായ് 9, 10, 11 തിയ്യതികളിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രതിഷേധ പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. ആദ്യദിവസം പോസ്റ്റർ പ്രചാരണം, പിറ്റേന്ന് മിന്നൽ പ്രകടനം, മൂന്നാം നാൾ പഠിപ്പുമുടക്ക്. പേരാമ്പ്രയിലെ വടക്കുമ്പാട് ഹൈസ്കൂളിൽ സമരച്ചുമതല എനിക്കായിരുന്നു. ചേളന്നൂർ എസ് എൻ കോളേജിൽ പ്രീ- ഡിഗ്രി പഠനം കഴിഞ്ഞ് ബിരുദപ്രവേശനത്തിന് കാത്തുനിൽക്കുന്ന സന്ദർഭമാണ്. എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് അന്ന് . സാഹസികരായ സഹപ്രവർത്തകരുടെകൂടി സഹായത്തോടെ വടക്കുമ്പാട്ടെ സമരം ഞങ്ങൾ വിജയിപ്പിച്ചു. യൂനിറ്റ് ഭാരവാഹികളായ നാല് വിദ്യാർത്ഥികളെ അതിന്റെ പേരിൽ സ്കൂളിൽനിന്ന് പുറത്താക്കി -കെ കെ ഗോപി , ടി ഡി ജോർജ് , പി ടി സുരേന്ദ്രൻ , വി സുഗതൻ എന്നിവരെ. അവരിൽ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഗോപിയെയും ജോർജിനെയും നിർബന്ധിത ടി സി നൽകി പറഞ്ഞയച്ചു. മറ്റു രണ്ടുപേരെയും പല സമ്മർദ്ദങ്ങളെയും തുടർന്ന് തിരിച്ചെടുത്തു. ഗോപിയെയും ജോർജിനെയും പേരാമ്പ്ര – വട്ടോളി ഹൈസ്കൂളുകളിലായി പിന്നീട് ചേർത്തു കിട്ടി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാൽ സുകുമാരൻ മാസ്റ്റർക്ക് ആറുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കേണ്ടിവന്നു. സമരം കഴിഞ്ഞ് മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയതാവട്ടെ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നശേഷം അവിടെയാണ്.
ഇനി എന്റെ കുടുംബത്തിനു നേർക്കുണ്ടായ പൊലീസ് വേട്ടയുടെ കാര്യം പറയട്ടെ. കൂട്ടത്തിൽ അന്നത്തെ ഞങ്ങളുടെ പാലേരി സി പി ഐ – എം ബ്രാഞ്ച് സെക്രട്ടറി വി കെ സുകുമാരൻ മാഷെയും പരാമർശിക്കാതിരിക്കാനാവില്ല. അതേ ഹൈസ്കൂളിൽ അധ്യാപകൻ കൂടിയായ സഖാവിനെ ഡി ഐ ആർ ( ഡിഫെൻസ് ഓഫ് ഇന്ത്യ റൂൾ) അനുസരിച്ച് കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അതറിഞ്ഞ ഉടനാണ് ഞാൻ മുങ്ങിയത്. പൊലീസ് സംഘം അന്നുതന്നെ എന്റെ വീട് വളഞ്ഞ് റെയ്ഡ് നടത്തി. രാഷ്ട്രീയ – സാഹിത്യ ഗ്രന്ഥങ്ങളും ലഘുലേഖകളും മാത്രമല്ല, പാഠപുസ്തകങ്ങൾ വരെ വാരിക്കൂട്ടി കത്തിച്ചു. ഒപ്പം കോളേജിൽ പഠിക്കേ എനിക്ക് ചില ലേഖന മത്സരങ്ങളിൽ വിജയിയായതിന് സമ്മാനമായി കിട്ടിയ വിലപ്പെട്ട കൃതികളും സർട്ടിഫിക്കറ്റുകളും . അത് ഇന്നും വല്ലാത്ത സങ്കടം ഉണർത്തുന്ന നഷ്ടമാണ്. അച്ഛനമ്മമാരെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തി മടങ്ങിയ പൊലീസ് എന്നിട്ടും അടങ്ങിയില്ല. പിറ്റേന്ന് പിന്നെയുമെത്തി അച്ഛനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. മോനെ കിട്ടിയാലേ വിടൂ എന്ന വാശിയിൽ മൂന്നു ദിവസം പേരാമ്പ്ര പോലീസ് സ്റ്റേഷൻ ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിച്ചു. ” മക്കൾക്ക് തിന്നാൻ കൊടുത്താൽ മാത്രം പോരാ , തല തിരിഞ്ഞുപോവാതെ നോക്കുകയും വേണം. ഇല്ലെങ്കിൽ ഫലം അനുഭവിക്കേണ്ടിവരും ” എന്നായിരുന്നു മർദകവീരനായ എസ് ഐ നന്ദകുമാറിന്റെ ഭീഷണി. അതൊക്കെ സഹിക്കാം. അമ്മയുടെ അവസ്ഥയായിരുന്നു എനിക്ക് പൊറുക്കാനാവാത്തത്. ഞങ്ങളുടെ വീട്ടിന് ചുറ്റും മുസ്ലീം യാഥാസ്ഥിതിക കുടുംബങ്ങളാണ്. അവരിൽ ചിലർ കരുതിക്കൂട്ടിയുള്ള കുറ്റപ്പെടുത്തൽ അല്ലാതെ സഹതാപത്തോടെ പറയുന്ന വാക്കുകളും അമ്മയുടെ ഉള്ളിൽ തീക്കനൽ വിതറുന്നവയായിരുന്നു. ” കുരുത്തം കെട്ട മക്കൾ കാരണം പാവം ഒന്നുമറിയാത്ത ആ തിയ്യൻ ജയിലിലായില്ലേ … എന്നാ ഓനങ്ങ് ചെന്നിറ്റ് ചാത്തനേ ങ്ങ് വിടീച്ചൂടേ…” പക്ഷേ, പാർട്ടി നിർദേശം ഞാൻ ഹാജരാകേണ്ടെന്നായിരുന്നു. അച്ഛന്റെയും അമ്മയുടെയും , ഞാൻ നിമിത്തമുള്ള കഷ്ടപ്പാടോർത്ത് ഒളിവിൽ സുരക്ഷിതകേന്ദ്രത്തിലാണെങ്കിലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ അന്നത്തെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും കെ പി സി സി അംഗവുമായ കെ ചാത്തൻ മേനോൻ ഇടപെട്ടാണ് മൂന്നാം ദിവസം വൈകിട്ട് അച്ഛനെ അവിടെനിന്ന് വിടീച്ചത്. അമ്മയുടെ മൂത്ത ആങ്ങള ,അമ്മാവൻ പുതുക്കുടി കണാരനുമായി നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് . താൻ സ്ഥലത്തില്ലാഞ്ഞതിനാൽ സംഭവം അറിയാൻ വൈകിപ്പോയിരുന്നുവെന്നും അച്ഛനെ മേനോൻ സാന്ത്വനിപ്പിച്ചിരുന്നു.
മകൻ ഒരു വിദ്യാർത്ഥിസംഘടനാ പ്രവർത്തകനായിപ്പോയി എന്ന മുരത്ത കുറ്റത്തിന് അച്ഛനമ്മമാർക്ക് വന്നുപെട്ട ദുഃഖാനുഭവം ചിലപ്പോൾ എന്നെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. എന്തപരാധമാണ് ഞാൻ ചെയ്തത് … എന്നാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. കോൺഗ്രസിനോട് അല്പം അനുഭാവമുണ്ടായിരുന്ന അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഇഷ്ടപ്പെടുന്ന ആളായി മാറി. 93 വയസ്സിന്റെ സ്വാഭാവിക ക്ഷീണമുണ്ടെങ്കിലും അസുഖമൊന്നുമില്ലാത്ത അച്ഛന് ഇന്നും പക്ഷേ, ഞാൻ ചെയ്തതിലൊന്നും ഒരു പരിഭവവുമില്ല. അത്രയും ആശ്വാസം…