ബിജെപിയിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധര പക്ഷത്തിനുമെതിര രൂക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന് പക്ഷം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ശോഭ സുരേന്ദ്രനില്‍ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് കെ സുരേന്ദ്രന് നടത്തുന്നതെന്ന് ശോഭ സുരേന്ദ്രന് പക്ഷം.
തെരെഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ശോഭ സുരേന്ദ്രനെ ഇറക്കണമെന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ ആവശ്യം കെ സുരേന്ദ്രന് നിരാകരിച്ചതും, മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചതും ബിജെപിക്ക് തിരിച്ചടിയായി. ഇത് തദ്ദേശ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് കൊണ്ടുള്ള രോഷപ്രകടനമാണ് കെ സുരേന്ദ്രന് നടത്തുന്നതെന്നുമാണ് ശോഭ സുരേന്ദ്രന് പക്ഷത്തിന്റെ വിമര്‍ശനം. ശോഭ സുരേന്ദ്രനെ പോലുള്ള ബിജെപിയുടെ താരപ്രചാരകരെ മാറ്റി നിര്‍ത്തിയ സുരേന്ദ്രനെതിരെയാണ് നടപടി വേണ്ടതെന്നും ശോഭ സുരേന്ദ്രന് പക്ഷം ആവശ്യപ്പെടുന്നു.
തോല്‍വി സംബന്ധിച്ച് യാഥാര്‍ഥ്യ ബോധത്തോടെയുള്ള ചര്‍ച്ചയാണ് പാര്‍ട്ടിക്കകത് നടക്കേണ്ടത്. തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുകയും, സിപിഎം വികസനം ചര്‍ച്ചയാക്കിയപ്പോള്‍ ബിജെപി സ്വര്ണ്ണകള്ളക്കടത്തിന്റെയും മയക്കുമരുന്ന് കേസിന്റെയും പുറകെ പോയതും സംസ്ഥാന അധ്യക്ഷന്റെ മാത്രം വീഴ്ചയാണ്. സംസ്ഥാന പ്രസിഡന്റ് പബ്ലിസിറ്റി ഓറിയന്റഡ് ആയി പ്രവര്‍ത്തിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് വിജയത്തിനായി റിസള്‍ട്ട് ഓറിയന്റഡ് ആയി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും ശോഭ പക്ഷം ആക്ഷേപം ഉയര്‍ത്തുന്നു.
ശോഭ സുരേന്ദ്രനല്ല 1200 ഓളം സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിച്ചത്. മറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്റെ രാഷ്ട്രീയ അപക്വതയും സഹപ്രവര്‍ത്തകരോടുള്ള പകയുമാണ് തോല്‍വിക്ക് കാരണം. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സംസ്ഥാന വ്യാപകമായി മുന്‍സിപ്പാലിറ്റി ഗ്രാമ പഞ്ചായത്തുകളിലും ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച തന്നെയാണ്. ആ വീഴ്ച മറച്ചു വെക്കാന്‍ ശോഭ സുരേന്ദ്രനെ കരുവാക്കി രക്ഷപെടാനുള്ള നീക്കമാണ് ഇപ്പോള്‍ സുരേന്ദ്രന് നടത്തുന്നത് എന്നും ശോഭ പക്ഷം വിശദീകരിക്കുന്നു.
സുരേന്ദ്രന്റെ വ്യക്തി വിദ്വേഷം ഒന്നുകൊണ്ട് മാത്രമാണ് ശോഭ സുരേന്ദ്രനെ പ്രചരണ രംഗത്ത് ഇറക്കാതിരുന്നത്. സ്ത്രീയെ അംഗീകരിക്കാത്ത നിലപാടാണ് ബിജെപിക്കെന്ന് തദ്ദേശ തെരെഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വികാരമുണ്ടായി. ഇത് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അതിനുത്തരവാദി കെ സുരേന്ദ്രനാണെന്നുമാണ് ശോഭ പക്ഷത്തിന്റെ വിമര്‍ശന ശരങ്ങള്‍.
ശോഭ സുരേന്ദ്രന് പക്ഷം മുന്നോട്ട് വയ്ക്കുന്ന കണക്കുകള്‍.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഗണ്യമായി വോട്ട് കുറഞ്ഞു. 2016 ലെ നിയമസഭാ, 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പുകളെക്കാള് വളരെ കുറവാണിത്. 2016 ല്‍ 14.96 ശതമാനവും 2019 ല്‍ 15.64 ശതമാനവും വോട്ടാണ് എന്‍ഡിഎ നേടിയത്. എന്നാല്‍ ഇത്തവണ അത് ഒരു ശതമാനത്തില്‍ അധികം കുറഞ്ഞു (14.52%).
2016ലും 2019ലും ബിജെപിക്ക് ലഭിച്ച വോട്ട് 2020ല്‍ ലഭിച്ചില്ല. ഒ രാജഗോപാല്‍ എംല്‍എയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മാത്രമാണ് ബിജെപി ഒന്നാം സ്ഥാനത്തു എത്തിയത്. 2016ല്‍ 7 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 4 ആയി ചുരുങ്ങി. മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ ബിജെപി വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ 30 എംല്‍എമാരെ സൃഷ്ടിക്കാമെന്നാണ് സംസ്ഥാന അധ്യക്ഷനാകുമ്പോള്‍ കെ സുരേന്ദ്രന് ബിജെപി ദേശീയ നേതൃത്വത്തിന് നല്കിയ വാക്ക്. ഇതിന് മുന്നോടിയായി പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 30 മണ്ഡലങ്ങളില്‍ ലീഡുണ്ടാകുമെന്നും അത് വഴി 30 എംല്‍എമാര്‍ കേരളത്തില്‍ ബിജെപിക്ക് ഉണ്ടാകുമെന്നുമായിരുന്നു സുരേന്ദ്രന്റെ അവകാശവാദം.
ബിജെപിയെ കൂടാതെ ഇരു മുന്നണികള്‍ക്കും സംസ്ഥാന ഭരണം സാധ്യമാകില്ലെന്നും കേന്ദ്ര നേതൃത്വത്തിന് വാഗ്ദാനം നല്‍കിയാണ് സുരേന്ദ്രന് പ്രസിഡണ്ട് പദം നേടിയത്. എന്നാല്‍, ഇതൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രനെ ദേശീയനേതൃത്വം മുന്‍കൈ എടുത്ത് മാറ്റുമെന്നാണ് ശോഭ സുരേന്ദ്രന്, കൃഷ്ണദാസ് പക്ഷം പ്രതീക്ഷിക്കുന്നത്.
പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ച വോട്ടും സീറ്റുമാണ് കണക്കാക്കുന്നത്. എന്നാല്‍ ബിജെപിക്ക് 2015ല്‍ 3 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉണ്ടായിരുന്നത് 2020ല്‍ 2 ആയി കുറഞ്ഞു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് പോലും ബിജെപിക്ക് പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സുരേന്ദ്രനെ വെച്ച് നിയമസഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ ആര്‍എസ്എസ് ഒരുക്കമല്ല.
റിസള്ട്ടുണ്ടാകാത്തവരെ നിലനിര്‍ത്തുന്ന സമീപനം അമിത് ഷായ്ക്ക് ഇല്ലാത്തതു കൊണ്ട് സുരേന്ദ്രനെ മാറ്റുമെന്നാണ് ഇരു പക്ഷങ്ങളും പ്രതീക്ഷിക്കുന്നത്. ആര്‍എസ്എസിനും കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരുന്നതില്‍ താല്പര്യമില്ല. അതിനാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി പരാജയം ചര്‍ച്ച ചെയ്യണമെന്നാണ് ശോഭ സുരേന്ദ്രന് പക്ഷം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.