തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി – യു ഡി എഫ് കൂട്ടുകെട്ടിൻ്റെ തെളിവുകൾ നേരറിയാൻ പുറത്തു വിടുന്നു. ചില വാർഡുകളിൽ യു ഡി എഫിൻ്റെ വോട്ടുകളിൽ വന്ന ഇടിവാണ് ബി ജെ പി യെ വിജയിച്ചത്. കോൺഗ്രസ് ജയിച്ച ചില വാർഡുകളിൽ ബി ജെ പി ക്ക് ലഭിച്ച വോട്ടിലും കുറവുണ്ടായിട്ടുണ്ട്.
പത്തിലധികം വാർഡുകളിലാണ് ഈ കൂട്ടുകെട്ട് ബി ജെ പി ക്ക് ഗുണം ചെയ്തത്. ജയിച്ച ചില വാർഡുകളിൽ യുഡിഎഫിനും ഈ ധാരണ ഗുണകരമായി. ധാരണയുടെ ഏറ്റവും വലിയ തെളിവ് നെടുങ്കാട് വാർഡിലെ ഫലമാണ്. ഇടതു മുന്നണിയുടെ പുഷ്പലത 184 വോട്ടിനാണ് ബി ജെ പിയുടെ കരമന അജിത്തിനോട് പരാജയപ്പെട്ടത്. ഇവിടെ യു ഡി എഫിന് ലഭിച്ചത് വെറും 74 വോട്ടുകൾ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1169 വോട്ടുകൾ നേടിയ സ്ഥാനത്താണ് ഇത്തവണ 1095 വോട്ടുകൾ യു ഡി എഫിന് നഷ്ടമായത്.
ഇവിടെ യു ഡി എഫ് വോട്ടുകൾ ബി ജെ പി ക്ക് മറിച്ചു നൽകി. ബി ജെ പി ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 1200 ഓളം വോട്ട് അധികമായി ലഭിച്ചു. ഇടതുപക്ഷവും വോട്ടിംഗിൽ വർധനവുണ്ടാക്കിയപ്പോഴാണ് യു ഡി എഫ് മൂന്നക്കം പോലും കടക്കാതെ അപ്രസക്തമായത്.കഴിഞ്ഞ തവണ കയ്യിലുണ്ടായിരുന്ന തിരുവല്ലം വാർഡും യു ഡി എഫ് , ബി ജെ പി ക്ക് ദാനം നൽകി. 2015 ൽ 2093 വോട്ടുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ സ്വന്തം ചിഹ്നത്തിന് നൽകിയത് 1232 വോട്ടുകൾ മാത്രം.
183 വോട്ടിനാണ് ഇവിടെ ബി ജെ പി വിജയം എന്നു കൂടി ഓർക്കണം. പി ടി പി നഗറിലെ ഇടതു സ്ഥാനാർത്ഥിയെ തോൽപ്പിക്കാനും കോൺഗ്രസ് വോട്ട് മറിഞ്ഞതായി കാണാം. ഇവിടെ 205 വോട്ടിനാണ് ബിജെപി ജയിച്ചത്. കോൺഗ്രസിന് 1132 വോട്ടുണ്ടായിരുന്ന സ്ഥാനത്ത് അത് 659 ആയി കുത്തനെ കുറഞ്ഞു. പാങ്ങോട്ടും കോൺഗ്രസ് വോട്ട് കുറഞ്ഞപ്പോൾ ബി ജെ പി ക്ക് സീറ്റ് നിലനിർത്താനായി. ഇവിടെ 703 ൽ നിന്നും 531 ആയി വോട്ട് കുറഞ്ഞു. തിരുമലയിലെ ഇടതു വിജയത്തിന് തടയിട്ടതും വോട്ട് മറിക്കൽ തന്നെ.
1081 വോട്ടുണ്ടായിരുന്ന കോൺഗ്രസിന് ലഭിച്ചത് 594 വോട്ട് മാത്രം. പകുതിയോളം വോട്ട് ബി ജെ പി പാളയത്തിലേക്ക് ഒലിച്ചു പോയി. ഇവിടെ 283 വോട്ടിനാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. 111 വോട്ടുകൾക്ക് ബി ജെ പി സീറ്റ് നിലനിർത്തിയ വലിയവിളയിൽ UDF ന് കഴിഞ്ഞ തവണത്തേക്കാൾ നഷ്ടമായത് 167 വോട്ടുകളാണ്.
കരമന , തുരുത്തുമൂല തുടങ്ങിയ സ്ഥലങ്ങളിലും യു ഡി എഫ് വോട്ടിൽ ഇടിവുണ്ടായി. അതായത് യു ഡി എഫ് , ബി ജെ പി ക്ക് വോട്ട് മറിക്കാതിരുന്നെങ്കിൽ 10 സീറ്റുകളെങ്കിലും ബി ജെ പി ക്ക് നഗരത്തിൽ കുറഞ്ഞേനേ. UDF മായി ഉണ്ടാക്കിയ ധാരണയാണ് വലിയ തിരിച്ചടിയിൽ നിന്നും ബി ജെ പി യെ രക്ഷിച്ചത്.