സംസ്ഥാനത്ത് നാളെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുകയാണ്. മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ ആവേശത്തോടയാണ് ജനങ്ങളും മുന്നണികളും കാത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ എങ്ങനെ അറിയാൻ കഴിയും. എന്തെക്കെയാണ് വോട്ടെണ്ണൽ നടപടിക്രമങ്ങൾ.
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താത്തവ, അവ്യക്തമായവ തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല. പോസ്റ്റൽ വോട്ട് എണ്ണിത്തീരാൻ കാത്തിരിക്കാതെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും.
ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണു വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ∙ സീൽ പൊട്ടിയിട്ടില്ലെന്നുറപ്പാക്കി കൺട്രോൾ യൂണിറ്റുകൾ ടേബിളിലേക്കു നൽകുന്നത് റിട്ടേണിങ് ഓഫിസര്മാരാണ്.
തുടർന്ന് കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഡിസ്പ്ലേയിൽ പച്ച കത്തും. റിസൽറ്റ് ബട്ടണിനു മേലുള്ള പേപ്പർ സീൽ പൊട്ടിക്കും. റിസൽറ്റ് ബട്ടൺ അമർത്തുമ്പോൾ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടിന്റെ കണക്ക് ഡിസ്പ്ലേയിൽ തെളിയും.
ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം ലഭ്യമാകും. തുടർന്ന് കൗണ്ടിങ് അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് ഫലം ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തും.
വോട്ടെണ്ണൽ രേഖകൾ സീൽ ചെയ്യാൻ പാക്കിങ് ആൻഡ് സീലിങ് യൂണിറ്റും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം അപ്ഡേറ്റ് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ട്രെൻഡ് യൂണിറ്റുകളുണ്ട്.
ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണൽ നില വാർഡുകളിലെ പോളിങ്ങ് സ്റ്റേഷൻ അടിസ്ഥാനത്തിലും മനസിലാക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഫലം ‘പിആർഡി ലൈവ്’ മൊബൈൽ ആപ്പിലൂടെയും തത്സമയം അറിയാൻ കഴിയും
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ജാഗ്രതയോടെയാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് പ്രതിരോധം മുൻനിർത്തി എല്ലാ മാനദണ്ഡങ്ങളും അധികൃതർ പാലിച്ചിരുന്നു. അതിനാൽ തന്നെ മാറ്റ് സംസ്ഥാനങ്ങൾക്കും കേരളത്തിന്റെ ഈ നടപടി മാതൃകയാക്കാം.