Home Articles എല്ലാത്തിനും അക്കമിട്ട് മറുപടി,കേന്ദ്ര ഏജൻസികൾക്ക് വിമർശനം,പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ്, അവസാന ലാപ്പിൽ പൂർണമായും കയ്യടക്കി മുഖ്യമന്ത്രി

എല്ലാത്തിനും അക്കമിട്ട് മറുപടി,കേന്ദ്ര ഏജൻസികൾക്ക് വിമർശനം,പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ്, അവസാന ലാപ്പിൽ പൂർണമായും കയ്യടക്കി മുഖ്യമന്ത്രി

SHARE

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിൽ പ്രചാരണരംഗത്തെ മുഴുവൻ കയ്യിലെടുത്ത് മുഖ്യമന്ത്രി.സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞും കേന്ദ്ര ഏജൻസികളുടെ ഭാഗമായി നടക്കുന്ന കൊള്ളരുതായ്മകൾ തുറന്നുകാട്ടി, പ്രധാനമന്ത്രിയെ സമീപിക്കുന്നതുൾപ്പടെയുള്ള നയപരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും അവസാന മണിക്കൂറിൽ പൂർണമായും തിരഞ്ഞെടുപ്പ് തങ്ങളുടെ വരുതിയിൽ കൊണ്ട് വരാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

കേരളം നാലര വര്ഷം കൊണ്ട് നേടിയ അസൂയാവഹമായ നേട്ടങ്ങളെ എണ്ണി പറഞ്ഞുകൊണ്ട് തുടങ്ങിയ മുഖ്യമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തന്റെ വികസന പരിപ്രേക്ഷ്യം ഒന്നുകൂടി അവതരിപ്പിക്കുകയായിരുന്നു. നില നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് മുകളിലേക്ക് അവസാന മണിക്കൂറിൽ വികസന അജണ്ടയെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ ഒരിക്കൽ കൂടി വോട്ടർമാരെ ഓർമ്മിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഇഛാശശക്തിയിൽ നേടിയെടുത്ത,പൂർത്തിയാക്കപ്പെട്ട പദ്ധതികൾ കേരളം സ്വീകരിക്കുമെന്ന ആത്മവിശ്വാസവും മുഖ്യമത്രിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. വികസന പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഭരണഘടനാവിരുദ്ധമായ നീക്കങ്ങളെ മുഖ്യമന്ത്രി തുറന്നു കാട്ടി. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ വന്ന ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ നയപരിശോധകരാകുന്നതിന്റെ അനൗചിത്യമാണ് മുഖ്യമന്ത്രി തുറന്ന് കാട്ടിയത്.അത് അംഗീകരിക്കാൻ കഴിയില്ലെന്ന കൃത്യമായ സന്ദേശവും മുഖ്യമന്ത്രി നൽകി.

സ്വർണ്ണക്കടത്ത് കേസിന്റെ മറവിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ നീക്കങ്ങളെ ഭരണഘടനാവിരുദ്ധമായി സമീപിക്കുന്ന കേന്ദ്ര ഏജന്സികൾക്കെതിരെ, പ്രധനമന്ത്രിക്ക് കത്തെഴുതുമെന്ന നിലപാട് കൂടി പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വവും അന്വേഷണ ഏജൻസികളും പ്രതിരോധത്തിലായി. അത് ഉദ്യോഗസ്ഥർക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതാകില്ല. നയചാരുതയോടെയുള്ള മുഖ്യമന്ത്രിയുടെ ഈ ഇടപെടൽ ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രതിസന്ധിയിലാക്കും. ദേശിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിന്റെ ദേശിയ നേതാക്കളെ സമീപകാലത്തു വേട്ടയാടിയതിന്റെ മുഴുവൻ ചരിത്രവും എടുത്ത് കാട്ടിയ മുഖ്യമന്ത്രി, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കി. അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടു എന്ന് കോൺഗ്രസ് പറഞ്ഞ മുഴുവൻ സന്ദർഭങ്ങളേയും കൃത്യമായി ഉദാഹിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം. ഇതോടെ അന്വേഷണ ഏജൻസികൾ വിശുദ്ധരല്ല എന്ന് പറയാൻ കോൺഗ്രസ് നേതാക്കളും നിർബന്ധിതരാകും. അന്വേഷണ ഏജൻസികളുടെ കൊള്ളരുതായ്മകളെക്കുറിച്ച് കോൺഗ്രസിന്റെ പ്രവർത്തകർക്ക് കൂടി തിരിച്ചറിവ് ഉണ്ടാക്കാൻ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് കഴിഞ്ഞു. നാളെ കോൺഗ്രസിന് നേരെ ഇതേ ഇ ഡി കേരളത്തിലും കടന്നു വരുമ്പോൾ, അതിനെ എതിർക്കേണ്ടി വരുമെന്ന സൂചന കൂടി മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എ ഐ സി സി പ്രസിഡന്റ് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെയും വേട്ടയാടുന്ന അന്വേഷണ ഏജൻസികൾ കേരളത്തെയും രാഷ്ട്രീയമായി ഉന്നം വെക്കുന്നുണ്ട് എന്നത് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

രണ്ടര ലക്ഷം പേർക്ക് ഇതിനോടകം വീടെന്ന മോഹം സഫലീകരിച്ച, ഒന്നര ലക്ഷം പേർ അതിനായി കാത്തിരിക്കുന്ന ലൈഫ് മിഷൻ പദ്ധതിയെ ഒരിക്കൽ കൂടി അവസാനഘട്ടത്തിലെ പ്രചാരണത്തിലേക്ക് കൊണ്ട് വരാൻ ഇടത് പക്ഷത്തിന് കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളായി മുഖ്യമന്ത്രി എപ്പോഴും അവകാശപ്പെടുന്ന ജനക്ഷേമ പദ്ധതികളായ ലൈഫും, ക്ഷേമ പെൻഷനും ഉൾപ്പടെയുള്ളവ ഒരിക്കൽ കൂടി ആവർത്തിക്കാൻ മുഖ്യമന്ത്രിക്ക് അവസരം നൽകുന്നതായിരുന്നു, എം എം ഹസ്സന്റെ ലൈഫ് പിരിച്ചുവിടുമെന്ന പ്രസ്താവന. ജനക്ഷേമ പദ്ധതികളൊന്നും തങ്ങളുടെ ഔദാര്യമല്ലെന്നും, അത് ജനങ്ങളുടെ അവകാശമാണെന്നും ആവർത്തിച്ചു പ്രഖ്യാപിച്ച മുഖ്യമന്ത്രി ആ അവകാശങ്ങൾ ജനങ്ങൾക്ക് നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും അതിനായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്ന കൃത്യമായ സന്ദേശം തന്റെ വാർത്ത സമ്മേളനത്തിലൂടെ വ്യക്തമാക്കി.

ഏറ്റവും താഴെക്കിടയിലുള്ള അധഃസ്ഥിതരായ ജനവിഭാഗങ്ങൾക്ക് അതുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതാകില്ല. തിരഞ്ഞെടുപ്പിന് മുൻപും മുഖ്യമന്ത്രിയുടെ വാചകങ്ങൾ ഇതുപോലെയായിരുന്നു. എം എം ഹസൻ നടത്തിയ രാഷ്ട്രീയ വങ്കത്തരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ഇടത് മുന്നണി കരുതുന്നത്. ഞാനെന്നും എന്റെ മുന്നണിയെന്നും ഇല്ലാതെ എല്ലാം ജനങ്ങൾക്കെന്ന മുഖ്യമന്ത്രിയുടെ വാചകങ്ങളിലെ രാഷ്ട്രീയ സന്ദേശവും ചെറുതല്ല. എതിർ രാഷ്ട്രീയ ചേരികളിലെ നേതാക്കളുടെയും അണികളുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റാൻ മുഖ്യമന്ത്രിയുടെ ഈ നയം സഹായകരമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ മറുപടിയില്ലാത്ത വിധം പ്രതിപക്ഷത്തെ സ്തബ്ദരാക്കാനും അവരുടെ ആയുധങ്ങളെ മുഴുവൻ നിര്ജീവമാക്കാനും, പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് കഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വിധി നിർണയിക്കുക പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് നടത്തിയ ഒരു മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിലെ വാക്കുകൾ തന്നെയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.