തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യവും പരസ്യവുമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരു കൂട്ടരും വ്യാപകമായി പൊതുസ്വതന്ത്രരെ മത്സരിപ്പിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് പരസ്യ ബന്ധമുണ്ടാക്കി. മതനിരപേക്ഷതയുടെ ഭാഗമായി നിൽക്കുന്ന കേരളത്തിലെ മുസ്ലീം സഹോദരങ്ങൾ അകറ്റിനിർത്തുന്ന ഒരു വിഭാഗത്തെ നാലു വോട്ടിനുവേണ്ടി കൂടെക്കൂട്ടുന്ന ലീഗിനും കോൺഗ്രസിനുമെതിരായ വികാരം പതഞ്ഞുയരും. യുഡിഎഫ് നേതാക്കളിലൊരാൾപോലും ബിജെപിയെ വിമർശിക്കുന്നത് കേൾക്കാനില്ല. അത്ര വലിയ ആത്മ ബന്ധത്തിലാണവർ. തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽഡിഎഫ് സംഘടിപ്പിച്ച വെബ്റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ നാടിനുവേണ്ടി എന്തു ചെയ്തു എന്നാണ് എല്ലാ കാലത്തും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ചോദ്യം. അത്തരമൊരു ചോദ്യം യുഡിഎഫോ ബിജെപിയോ വലതുപക്ഷ മാധ്യമങ്ങളോ ഇപ്പോൾ ഉന്നയിക്കുന്നില്ല. കോവിഡ് കാലത്ത് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായത് ഖജനാവ് നിറഞ്ഞുകവിഞ്ഞതുകൊണ്ടല്ല, പാവങ്ങളോടും സാധാരണക്കാരോടുമുള്ള പ്രതിബന്ധത നിറഞ്ഞു കവിഞ്ഞൊഴുകുന്നതുകൊണ്ടാണ്.
യുഡിഎഫ് അനുദിനം ശോഷിക്കുകയാണ്. എൽഡിഎഫിന്റെ ജനകീയാടിത്തറ വിപുലമാകുന്നു. എൽഡിഎഫിന്റെ വമ്പിച്ച വിജയക്കൊടി പാറുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി ചേർന്നുള്ള പ്രവർത്തനത്തിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പോടെ മുസ്ലീം ലീഗിന് കിട്ടും.
നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോൺഗ്രസിനും ലീഗിനും എതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാർട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് ഉണ്ട്. യുഡിഎഫ് നേതാക്കൾ ആരെങ്കിലും ബിജെപിയെ നേരിയ തോതിൽ എങ്കിലും വിനർശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബീജെപിക്ക് എതിരെ നാക്കു ചലിക്കാത്തത് ? അത്ര വലിയ ആത്മ ബന്ധം ഇവർക്കിടയിലുണ്ട്. സാധാരണ സാഹചര്യം അല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.