കർഷക മാരണബില്ലിനെതിരെ രാജ്യമൊട്ടുക്ക് പ്രക്ഷോഭം ശക്തിയാർജിച്ചതോടെ കേന്ദ്രസർക്കാർ ഒത്തുതീർപ്പിന് വഴങ്ങുന്നു. കർഷകരുടെ പോരാട്ടവീര്യത്തെ തകർക്കാൻ കഴിയില്ലെന്ന പൂർണബോധ്യം വന്നതോടെയാണ് സംഘടനകൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസക്കാർ മുന്നോട്ടു വന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവർ പങ്കെടുത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ ധാരണ. ഇന്നത്തെ ചർച്ചയിൽ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർലമെന്റ് വളയുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാർ കീഴടങ്ങാൻ തയ്യാറായത്.
എന്ത് പ്രക്ഷോഭമുണ്ടായാലും പുതിയ കാർഷിക നിയമത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും പ്രക്ഷോഭം അടിച്ചമർത്തുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ പതിനായിരക്കണക്കിന് കർഷകരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്. അതിർത്തി അടച്ചും കിടങ്ങ് തീർത്തും ലാത്തിച്ചാർജ് ചെയ്തും കർഷകരെ പിന്തിരിപ്പിക്കാനുള്ള സകലശ്രമങ്ങളും പാളി.
രണ്ടുതവണ കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് കർഷക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുകയും എട്ടിന് ഭാരത് ബന്ദിന് ആഹ്വാനവും ചെയ്തു. അന്തർദേശീയ മാധ്യമങ്ങളിൽ കർഷപ്രക്ഷോഭം വലിയ വാർത്ത ആയതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിരോധത്തിലായി.
തുടർന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്തത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രക്ഷോഭം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.