Home Newspool മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

SHARE

ഇന്ന് സംസ്ഥാനത്ത് 6316 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 28 പേർ മരണമടഞ്ഞു. 61,455 പേർ നിലവിൽ ചികിത്സയിലുണ്ട്. 5539 പേർക്കും സമ്പർക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 634 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 56,993 സാമ്പിളുകൾ പരിശോധന നടത്തി. 5924 പേർ രോഗമുക്തരായി.

കോവിഡുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ സൂചിപ്പിക്കുന്നതിനു മുമ്പ് പ്രധാനപ്പെട്ട മറ്റൊരു വിഷയത്തെക്കുറിച്ചാണ് ഇന്ന് പറയാനുള്ളത്.കാലാവസ്ഥ

 

ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെൽവേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അൽപസമയം മുമ്പ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ അദ്ദേഹത്തോട് വിശദീകരിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുരേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിൻറെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബർ 4ന് പുലർച്ചെ തെക്കൻ തമിഴ്നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി തന്നെ കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 3-ാം തീയതി മുതൽ 5-ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ഇന്ത്യൻ മീറ്ററോളജിക്കൽ ഡിപ്പാർട്ട്മെൻറ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഡിസംബർ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്.

ഡിസംബർ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എൻഡിആർഎഫിൻറെ എട്ട് ടീമുകൾ എത്തിച്ചേർന്നിട്ടുണ്ട്. എയർഫോഴ്സിൻറെ സജ്ജീകരണങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സുലൂർ എയർഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനകം യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നു.

നിലവിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര; കൊല്ലം ജില്ലയിലെ കല്ലട; ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള; പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി; വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്.

എല്ലാ ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേർന്നുകഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ടതില്ല. അസാധാരണമായ ചുഴലിക്കാറ്റ് രൂപീകരണം ആയതുകൊണ്ടുതന്നെ കൃത്യമായ സഞ്ചാരപഥത്തെ കുറിച്ച് കൂടുതൽ വ്യക്തത അടുത്ത മണിക്കൂറുകളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രത സംസ്ഥാനത്ത് ആവശ്യമാണ്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

ചുഴലിക്കാറ്റ് കാരണം മാറ്റി പാർപ്പിക്കേണ്ടിവരുന്നവർക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ശക്തമായ കാറ്റുമൂലം മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ, പോസ്റ്റുകൾ, വൈദ്യുത ലൈനുകൾ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങളെയും പ്രതീക്ഷിക്കണം. ഇത്തരത്തിലുള്ള എല്ലാ അപകട സാധ്യതകളും മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സ്വീകരിക്കേണ്ടത്. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകൾ ബലപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കിൽ റേഡിയോ, ചാർജ്ജ് ചെയ്ത മൊബൈലുകൾ, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങൾ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. സഹായത്തിനായി കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കും.

പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള  മുന്നറിയിപ്പുള്ളതിനാൽ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഡിസംബർ 3 മുതൽ 5 വരെ തീയതികളിൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളും കോളേജുകളും ഇപ്പോൾ തന്നെ അവധിയിലാണ്. ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതാണ്.

പ്രകൃതിക്ഷോഭത്തിൻറെ ഘട്ടത്തിൽ ആരോഗ്യ സംവിധാനങ്ങളും അവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്. പല സർക്കാർ ആശുപത്രികളും കോവിഡ് ആശുപത്രികളായി പ്രവർത്തിക്കുന്ന ഈ ഘട്ടത്തിൽ, തൊട്ടടുത്തുള്ള മറ്റു ആരോഗ്യകേന്ദ്രങ്ങളുമായി കൈകോർത്തുകൊണ്ട് അവയുടെ സൗകര്യങ്ങളും കൂടെ ഉപയോഗിച്ചുകൊണ്ട് ഈ പ്രകൃതിക്ഷോഭത്തെ നേരിടാൻ സജ്ജമാവുകയാണ്.

അപകടങ്ങൾ രൂക്ഷമാകാൻ സാധ്യത കൂടുതലുള്ള, നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളിലും സമാന സാഹചര്യമുള്ള സ്ഥലങ്ങളിലും പ്രത്യേകമായ ശ്രദ്ധ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. അത്തരം സ്ഥലങ്ങൾ കണ്ടെത്താനും വേണ്ട ഒരുക്കങ്ങൾ നടത്താനും ആരോഗ്യസംവിധാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും കോവിഡിനെതിരെയുള്ള പോരാട്ടത്തിൻറെ ഭാഗമായുള്ള ഒരു സമ്മർദ്ദത്തിലൂടെയാണ് ഇപ്പോഴും കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. ഒരു പ്രകൃതിക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്വം അവരുടെ തൊഴിൽ സാഹചര്യത്തെ കൂടുതൽ ദുഷ്കരമാക്കാനിടയുണ്ട്. അതിനാൽ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വിട്ടുവീഴ്ചയില്ലാത്ത മുൻകരുതൽ വളരെ പ്രധാനമാണ്.

മഴയ്ക്ക് ശേഷമുണ്ടാകുന്ന വെള്ളക്കെട്ടുകൾ കൊതുകുജന്യ രോഗങ്ങൾ ഉൾപ്പെടെ പലവിധ സാംക്രമിക രോഗങ്ങൾക്കിടയാക്കാൻ സാധ്യതയുണ്ട്. അതു മനസ്സിലാക്കി വീടിനും ചുറ്റും, പറമ്പിലും, പൊതുവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണം.

സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളെയെല്ലാം നമുക്ക് നേരിടാനായത് സർക്കാരിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളും സഹകരിക്കുകയും യോജിച്ച് പ്രവർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ്. ഇത്തരമൊരു യോജിപ്പും കൂട്ടായ പ്രവർത്തനവും ഈ ഘട്ടത്തിലും ഉണ്ടാകേണ്ടതുണ്ട്. ജനങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്നം എന്ന നിലയിൽ കണ്ടുകൊണ്ട് ഇടപെടാനും സാധിക്കണം. വരാൻ സാധ്യതയുള്ള ഈ ചുഴലിക്കാറ്റിനെ മറികടക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ

സംസ്ഥാനത്തെ കോവിഡ് 19 പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് ഇറക്കിയ കോവിഡ് പരിശോധനാ മാർഗനിർദേശങ്ങൾക്ക് അനുബന്ധമായാണ് പുതുക്കിയത്.

ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരുന്ന ദുർബല വിഭാഗത്തിൽപ്പെടുന്ന വ്യക്തികളായ 60 വയസ്സിന് മുകളിൽ പ്രായമായവർ, ഗർഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് കണ്ടൈൻമെൻറ് കാലത്തിൻറെ തുടക്കത്തിൽ തന്നെ ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ഇതോടൊപ്പം ക്ലസ്റ്ററുകളിൽ പെട്ടന്ന് രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് എത്രയും വേഗം ആർടിപിസിആർ പരിശോധന നടത്തുകയും വേണം.

വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണം. സ്ഥാപനങ്ങളിൽ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങൾക്കും ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്.

ക്രിസ്മസ് കിറ്റ്

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതിവിശേഷമുണ്ടാകാൻ പാടില്ല എന്ന നിലപാട് സർക്കാർ എടുത്തിരുന്നു. അതിൻറെ ഭാഗമായി സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ (ഡിസംബർ 3) ആരംഭിക്കും.

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.

482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദിച്ചിട്ടുണ്ട്.

എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാർഡുടമകൾക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബർ 5 ആക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും ഈ മാസം 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

100 ദിന കർമപരിപാടി

സെപ്തംബർ ഒന്നിന് പ്രഖ്യാപിച്ച നൂറുദിന കർമ പരിപാടിയിൽ 155 പദ്ധതികളിലായി 912 ഘടകങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 799 ഘടകങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ബാക്കിയുള്ള 113 ഘടകങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൽ നല്ല പങ്കും പൂർത്തിയായിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാനോ തുറന്നുകൊടുക്കാനോ കഴിയാത്തത്. ബാക്കിയുള്ള പദ്ധതികൾ ഡിസംബറിൽ തന്നെ പൂർത്തിയാക്കാനും കഴിയും.

എടുത്തുപറയേണ്ട നേട്ടങ്ങളിൽ ഒന്ന് തൊഴിലവസം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയാണ്. 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇതിനകം വിവിധ വകുപ്പുകളിലായി 91,383 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ലക്ഷ്യമിട്ടതിനേക്കാൾ 82 ശതമാനം അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

നൂറുദിന കർമ പരിപാടിയിൽ ഏതാനും വൻകിട പദ്ധതികളും ഉൾപ്പെടുത്തിയിരുന്നു. ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈനിൻറെ പൂർത്തീകരണമായിരുന്നു അതിലൊന്ന്. അതു പൂർത്തിയാക്കി. ഇപ്പോൾ മംഗലാപുരത്തെ വ്യവസായങ്ങൾക്ക് ഇവിടെ നിന്നുള്ള പ്രകൃതിവാതകം ഉപയോഗിക്കാൻ സാധ്യമാണ്.

ഇനിയും പൂർത്തിയാകാനുള്ള പദ്ധതികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അവലോകന യോഗത്തിൽ വ്യക്തമായത്. യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

15 കേര ഗ്രാമം പദ്ധതികൾ, നെൽവയലുകൾക്ക് റോയൽറ്റി നൽകുന്ന പരിപാടി, പച്ചക്കറികളുടെ തറവില നിശ്ചയിക്കൽ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി, കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ് നൽകാനുള്ള വിദ്യാശ്രീ പദ്ധതി, ഒരു നിയോജകമണ്ഡലത്തിൽ ഒരു മത്സ്യഫെഡ്  സ്റ്റാൾ, കൊച്ചി, മഞ്ചേശ്വരം  മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം, പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം, 5 കോടി രൂപ ചെലവിൽ നവീകരിച്ച 34 സ്കൂളുകളുടെ ഉദ്ഘാടനം, ഹൈടെക് സ്കൂൾ പദ്ധതി പൂർത്തീകരണം, 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 18 ജില്ലാ-താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടം, 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  പുതിയ കെട്ടിടം, കോളേജുകളിൽ 150 പുതിയ കോഴ്സുകൾ, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം, 15 സൈബർ പോലീസ് സ്റ്റേഷനുകൾ, കെൽട്രോൺ യൂണിറ്റുകളിലെ വൈവിധ്യവൽക്കരണം, കേരള സെറാമിക്സിൻറെ നവീകരിച്ച പ്ലാൻറ്, 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം, ആയിരം പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം, ലൈഫ് പദ്ധതിയിൽ 29 ഭവന സമുച്ചയങ്ങൾ, 1273 കോടി ചെലവിൽ 181 പൊതുമരാമത്ത് റോഡുകൾ, 19 സ്മാർട്ട് വില്ലേജ് ഓഫീസുകൾ, പട്ടികജാതി വികസന വകുപ്പിൻറെ 6000 പഠന മുറികൾ, 100 യന്ത്രവൽകൃത കയർ ഫാക്ടറികളുടെ പൂർത്തീകരണം, കടമക്കുടി കുടിവെള്ള പദ്ധതി, 200 കോടി രൂപയുടെ തീര സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കൽ എന്നിവ പൂർത്തിയാക്കിയ പരിപാടികളിൽ ഉൾപ്പെടുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.