Home Politics വോട്ടെടുപ്പിന് മുമ്പേ തലസ്ഥാനത്ത് ആദ്യ തിരിച്ചടി, ട്രിപ്പിൾ വോട്ടിൽ ഉലഞ്ഞ് ബിജെപി

വോട്ടെടുപ്പിന് മുമ്പേ തലസ്ഥാനത്ത് ആദ്യ തിരിച്ചടി, ട്രിപ്പിൾ വോട്ടിൽ ഉലഞ്ഞ് ബിജെപി

SHARE

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ നഗരഭരണം സ്വപ്നം കണ്ട ബിജെപിക്ക് ആദ്യ തിരിച്ചടി. ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാർഡിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന്റെ ട്രിപ്പിൾ വോട്ട് ചേർത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കംമീഷൻ അന്വേഷണം തുടങ്ങിയതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.

മൂന്നിടത്ത് വോട്ടുള്ള കാര്യം ബോധപൂർവം മറച്ചുവെച്ച് ഗുരുതര നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പരിശോധന തുടങ്ങിയത്.

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട്‌ പ്രകാരം ഒന്നിലധികം വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നത്‌ നിയമവിരുദ്ധമാണ്‌. വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്ന സമയത്ത്‌ മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്‌താവന സഹിതമാണ്‌ അപേക്ഷ നൽകുന്നത്‌.

സത്യപ്രസ്താവനയിൽ മറ്റൊരിടത്ത് വോട്ടുള്ള കാര്യം മറച്ചുവെച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് നിയമ വിദഗ്ധരും ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

അഥവാ തെരഞ്ഞെടുക്കപ്പെട്ടാലും അംഗമായി തുടരാൻ കഴിയില്ല. അയോഗ്യനാക്കപ്പെടുന്നതിനുപുറമെ ക്രിമിനൽ കേസ് കൂടി നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വ്യാജ സത്യപ്രസ്താവന നൽകിയതിന് ക്രിമിനൽ കേസെടുക്കാനും ചട്ടമുണ്ട്.

ഈ സാഹചര്യത്തിൽ രാജേഷിന്റെ ട്രിപ്പിൾ വോട്ട് വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

നേരത്തെ രാജേഷിന് നെടുമങ്ങാടും കോർപ്പറേഷനിലും വോട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നിടത്ത് വോട്ട് ചേർത്ത കാര്യം പുറത്തുവന്നത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.

നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപറേഷനിലെ രണ്ട് വാർഡിലെ വോട്ടർപട്ടികയിലും പേരുണ്ട്.

നെടുമങ്ങാടുള്ള ‘മായ’ എന്ന കുടുംബ വീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡായ കൊറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമനമ്പർ72 ആയി വേലായുധൻനായർ മകൻ രാജേഷ് (42 വയസ്സ്‌) എന്ന് ചേർത്തിട്ടുണ്ട്.

തിരുവനന്തപുരം കോർപറേഷനിലെ 82-ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗമുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042-ാം ക്രമനമ്പരായി വേലായുധൻനായർ മകൻ വി വി രാജേഷ് എന്നുണ്ട്‌. പിടിപി നഗർ വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ട്‌. പിടിപി വാർഡിൽ ഭാഗം മൂന്നിൽ ക്രമനമ്പർ 878-ൽ ശിവശക്തി മേൽവിലാസത്തിൽ വേലായുധൻനായർ മകൻ രാജേഷ് (വയസ്സ്‌ 43)- എന്നാണുള്ളത്‌.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.