സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും. സ്വപ്ന സുരേഷും സരിത്തും കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ചില കാര്യങ്ങള്‍ കോടതിയോട് സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ചു ഹരജി നല്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോൾ ചുറ്റും പൊലിസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് ഇവരുടെ പരാതി. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. അഭിഭാഷകന് വഴി വിവരം കൈമാറാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇരുവര്‍ക്കും അഭിഭാഷകര്‍ വഴി കാര്യങ്ങള്‍ എഴുതി നല്‍കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. അഭിഭാഷകരെ കാണാന്‍ പ്രതികള്‍ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ കസ്റ്റംസും ഇ ഡിയും തനിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതായി സ്വപ്ന നേരത്തെ ശബ്ദസന്ദേശം പുറത്തുവിട്ടിരുന്നു.