കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ദുരിതത്തിലായി 60 ലക്ഷത്തിലധികം വരുന്ന പട്ടികജാതിവിഭാഗം വിദ്യാർഥികൾ. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഇവരുടെ സ്കോളര്‍ഷിപ് മുടങ്ങി. 11, 12 ക്ലാസുകളിലെ പഠനം പൂര്‍ത്തിയാക്കാന്‍ നല്കുന്ന അഖിലേന്ത്യാ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പാണ് ഇത്തരത്തിൽ മുടങ്ങിയത്.
പദ്ധതിയുടെ 90 ശതമാനം ബാധ്യതയും സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും വിയോജിപ്പാണ്. 12–-ാം ധനകമീഷന് 60 ശതമാനം ബാധ്യത കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, 2017–-2018ല്‍ ധനമന്ത്രാലയത്തിന്റെ പുതിയ നയത്തില്‍ വിഹിതം വെട്ടിക്കുറച്ചു. തുടർന്ന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തിവച്ചു. ഇതോടെ 2017 മുതല്‍ 2020 വരെ കേന്ദ്രസഹായം ലഭിക്കാതായതോടെ 14 സംസ്ഥാനങ്ങളില്‍ സ്കോളര്‍ഷിപ് വിതരണം നിര്‍ത്തിവച്ചു.
സംസ്ഥാനങ്ങളുടെ നിരന്തരമായ സമ്മർദം കാരണം പഴയ 60:40 അനുപാതത്തില്‍ ബാധ്യത പങ്കിടുന്നതാണ് ഉചിതമെന്ന് സാമൂഹ്യനീതി മന്ത്രാലയം ശുപാര്‍ശചെയ്തു. വിഷയം ഒരുവര്‍ഷത്തിലേറെയായി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്.
ആദിവാസികളും ദളിതരും പിന്നോക്കക്കാരും വിദ്യാഭ്യാസം നേടരുതെന്ന ബിജെപി, ആര്‍എസ്എസ് കാഴ്ചപ്പാടാണ് നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.