തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തികളിൽ ഉപയോഗിക്കുന്നതിന് കേരള സ്റ്റേറ്റ് ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (കെ.എസ്.ഡി.പി.) സാനിറ്റൈസറുകൾ തയ്യാറാക്കി. 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് കെഎസ്ഡിപിയുടെ കലവൂരിലെ ഫാക്ടറിയിൽ നിർമ്മിച്ചത്. സംസ്ഥാനത്തെ 34,780 ബൂത്തിൽ ഇവ ഉപയോഗിക്കും.
പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കുമായാണ് ഇവ നിർമിച്ചിരിക്കുന്നത്. സംസ്ഥാന മെഡിക്കൽ സർവീസസ് കോർപറേഷന്റെ ജില്ലാ വെയർഹൗസ് വഴിയാണ് ഇവ വിതരണം ചെയുന്നത്. കെ.എം.എസ്.സി.എൽ വഴിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സാനിറ്റൈസർ വാങ്ങിയത്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെ.എസ്.ഡി.പി. സാനിറ്റൈസർ നിർമ്മാണരംഗത്തേക്ക് കടന്നത്. 250, 200, 100 മില്ലീലിറ്ററിനു പുറമേ അഞ്ച് ലിറ്ററിന്റെ ബോട്ടിലും ഇവ വിപണിയിൽ ലഭ്യമാണ്. 15 ലക്ഷം ലിറ്റർ സാനിറ്റൈസർ ഇതിനോടകം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.