Home Newspool മഹാമാരിയിലും ഇന്ധനവില വർധന ; കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു സിപിഐ എം

മഹാമാരിയിലും ഇന്ധനവില വർധന ; കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു സിപിഐ എം

SHARE

കോവിഡ്‌ മഹാമാരി വിതച്ച ദുരിതത്തിൽ നട്ടംതിരിയുമ്പോഴും തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കഴിഞ്ഞ പത്തു ദിവസം തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പത്തു ദിവസത്തിനുള്ളിൽ പെട്രോളിന്‌ ഒരു രൂപ 33 പൈസയും, ഡീസലിന്‌ രണ്ടു രൂപ 10 പൈസയുമാണ്‌ വർദ്ധിപ്പിച്ചത്‌. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിക്കുന്നത്‌ പതിവു നടപടിയാണ്‌. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില കുറയുമ്പോഴും ഇവിടെ വില വർദ്ധിപ്പിക്കാൻ സ്വകാര്യ എണ്ണ കമ്പനികൾക്ക്‌ ഒത്താശ ചെയ്യുകയാണ്‌. ഈ പകൽകൊള്ളയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണം.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില വർദ്ധിക്കുന്നതാണ്‌ എണ്ണ വില വർദ്ധനവിനു ഇപ്പോൾ ന്യായീകരണമായി എണ്ണക്കമ്പനികൾ പറയുന്നത്‌. 48 ഡോളറാണ്‌ അന്താരാഷ്ട വിപണിയിൽ ഒരു ബാരൽ ക്രൂഡ്‌ ഓയിലിന്റെ വില. ക്രൂഡ്‌ ഓയിലിന്‌ 100 ഡോളറിനു മുകളിലായപ്പോഴും രാജ്യത്ത്‌ 60 രൂപയിൽ താഴെയായിരുന്നു ഒരു ലിറ്റർ പെട്രോളിന്റെ വില എന്നതും നാമോർക്കണം.

വില നിർണായവകാശം എണ്ണ കമ്പനികൾക്കു വിട്ടുകൊടുത്തതോടെയാണ്‌ രാജ്യത്ത്‌ എണ്ണവില കുത്തനെ ഉയരാൻ തുടങ്ങിയത്‌. അന്താരാഷ്ട വിപണിയിൽ വില വർദ്ധിക്കുമ്പോൾ എണ്ണ വില കൂട്ടുന്ന കമ്പനികൾ പക്ഷേ, വില കുറയുമ്പോൾ എണ്ണ വില കുറയ്‌ക്കാറില്ല. കുത്തക എണ്ണക്കമ്പനികൾക്ക്‌ ജനങ്ങളെ കൊള്ളയടിക്കാൻ എല്ലാ അവസരവും നൽകുകയാണ്‌ കേന്ദ്ര ബിജെപി സർക്കാർ. നികുതി ഇനത്തിൽ കേന്ദ്ര സർക്കാർ കൊള്ളലാഭം കൊയ്യുന്നു.

ബീഹാർ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ച്‌ കഴിഞ്ഞ മാസങ്ങളിൽ എണ്ണ വില വർദ്ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെയാണ്‌ ഇപ്പോൾ വീണ്ടും വില വർദ്ധിപ്പിക്കാൻ കേന്ദ്രം അനുവാദം നൽകിയത്‌. കോവിഡ്‌ കാലത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൊള്ളയടിച്ച്‌ കുത്തകകളുടെ പോക്കറ്റ്‌ വീർപ്പിക്കാൻ അവസരം നൽകുന്ന കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ്‌. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക്‌ ഇളവുകൾ വഴി ആശ്വാസം നൽകേണ്ടതിനു പകരം ന്യായമായും ലഭിക്കേണ്ടതുപോലും നൽകാതെ പിടിച്ചുപറിയാണ്‌ കേന്ദ്രം നടത്തുന്നത്‌. ഇതിനെതിരെ ജനരോഷം ഉയരണമെന്നും സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.