Home Politics പറഞ്ഞുപറ്റിക്കാൻ നാണമില്ലേ മുല്ലപ്പള്ളി, കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകൾ എവിടെ

പറഞ്ഞുപറ്റിക്കാൻ നാണമില്ലേ മുല്ലപ്പള്ളി, കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകൾ എവിടെ

SHARE

പ്രളയബാധിതർക്ക്‌ കെപിസിസി നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച ആയിരം വീടുകൾ എവിടെ ? പാവപെട്ട ജനങ്ങൾക്ക് പ്രത്യാശ നൽകി നാടൊട്ടുക്ക് പിരിച്ചിട്ടിപ്പോൾ കോൺഗ്രസിന്റെ 1000 വീട്‌ പദ്ധതി പൊളിഞ്ഞെന്ന്‌‌‌ പറഞ്ഞ് കൈകഴുകുന്ന നിങ്ങൾക്ക് ഇതിന്റെ കാര്യകാരണങ്ങൾ കേരളീയ സമൂഹത്തെ ബോധിപ്പിക്കാൻ ഉത്തരവാദിത്തമുണ്ട്. സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വീട് നൽകുന്ന സർക്കാരിന്റെ ലൈഫ് പദ്ധതി ഇല്ലാതാക്കിയവരാണ് നിങ്ങൾ. പദ്ധതിക്കെതിരെ ആക്ഷേപം ഉന്നയിച്ചവരാണ് നിങ്ങൾ. അഴിമതി എന്ന് പറഞ്ഞ് വടക്കാഞ്ചേരിയിൽ ഇരുനൂറിനടുത്ത് കുടുംബങ്ങളെ വഴിയാധാരമാക്കിയവരാണ് നിങ്ങൾ. പാവങ്ങളുടെ വീടെന്ന സ്വപ്നം തകർത്ത കോൺഗ്രസാണ് ജനങ്ങളെയാകെ പറഞ്ഞു പറ്റിച്ചത്.
മഹാപ്രളയകാലത്താണ് ആയിരം വീടുമായി കോൺഗ്രസ് രംഗത്തുവന്നത്. എം എം ഹസൻ കെപിസിസി പ്രസിഡന്റായിരിക്കെയാണ്‌ ആയിരം വീട്‌ പ്രഖ്യാപിച്ചത്. ഒരു മണ്ഡലം കമ്മിറ്റി അഞ്ചു ലക്ഷം രൂപ മുതൽ മുടക്കി വീട് നിർമിച്ചുനൽകുമെന്നാണ് പ്രഖ്യാപിച്ചത്. മഹാപ്രളയത്തിൽ നഷ്ടം നേരിട്ട പാവപ്പെട്ടവരെ സഹായിക്കാനാണ് ഈ തീരുമാനമെന്നും കെപിസിസി പറഞ്ഞിരുന്നു. എന്നിട്ടെവിടെ ഈ ആയിരം വീടുകൾ. ഇപ്പോൾ മുല്ലപ്പള്ളി പറയുന്നു താൻ പ്രസിഡന്റായശേഷം 500 വീട്‌ പൂർത്തിയാക്കുമെന്ന്‌.
വീട് നിർമാണത്തിന്റെ പേരിൽ കെപിസിസി നേരിട്ട് കോടികൾ പിരിച്ചു. മണ്ഡലം കമ്മിറ്റികൾ സ്വന്തം നിലയിലും ലക്ഷങ്ങൾ പിരിച്ചു. എന്നാൽ എത്ര വീട് ഇതുവരെ നിർമിച്ചു. പിരിച്ച പണം എവിടെപ്പോയി. ചുരുങ്ങിയത് അമ്പത് വീടെങ്കിലും നിർമിച്ചോ. എങ്കിൽ അതിന്റെ ഗുണഭോക്താക്കൾ ആരൊക്കെ, വീട് നിർമിച്ച സ്ഥലം എന്നിവ പുറത്തുവിടാമോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചില്ലിക്കാശ് കൊടുക്കരുതെന്ന് പറഞ്ഞവരാണ് കോൺഗ്രസുകാർ. കണ്ണൂരിൽ രണ്ട് വീടുകൾ നിർമിച്ചുവെന്ന് അവിടുത്തെ ഡിസിസി അവകാശപ്പെടുന്നു. ഇബ്രാഹിം കുഞ്ഞിന്റെ പാലാരിവട്ടം പോലെ അത്ഭുത സൃഷ്ടികളാണോ ബാക്കി വീടുകൾ. ഇതുവരെയായി സ്വന്തം പാർട്ടിക്കാർ എത്ര വീട് നിർമിച്ചു നൽകിയെന്നതിന്റെ കണക്ക് പോലും കെപിസിസി പ്രസിഡന്റിന്റെ കൈവശമില്ല. ഏതാണ്ട് നൂറിനടുത്ത് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.
പ്രളയബാധിതർക്ക്‌ കെപിസിസി പ്രഖ്യാപിച്ച ആയിരം വീട്‌ പദ്ധതി താളം തെറ്റിയെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. അഞ്ഞൂറു വീട്‌ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എവിടെയൊക്കെയാണ്‌ ഇതെന്ന്‌‌ ഉടനെ വെളിപ്പെടുത്തുമെന്നും ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തിൽ ‌അദ്ദേഹം പറഞ്ഞു. എം എം ഹസൻ അധ്യക്ഷനായ സമയത്ത് നടന്ന നിർമ്മാണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ലൈഫിനെതിരെ ഘോരഘോരം പ്രസംഗിച്ച മുല്ലപ്പള്ളിയുടെ വാദം. ലവലേശം മാന്യതയും ഉളുപ്പും ഉണ്ടെങ്കിൽ ഇതേപ്പറ്റി അന്വേഷിക്കാൻ കെ പി സി സി തയ്യാറാകണം. അതിനൊന്നും തുനിയാതെ ലൈഫിനെ കുറ്റപ്പെടുത്താണ് ഇപ്പോളും മുല്ലപ്പള്ളി അടക്കമുള്ളവർ ശ്രമിക്കുന്നത്.
വീട് നിർമിച്ചുനൽകുമെന്ന് പറഞ്ഞ് നാട്ടുകാരിൽ നിന്നും പണം പിരിച്ച് മുക്കിയവരാണ് ലൈഫ് മിഷൻ പദ്ധതിക്കെതിരെ രംഗത്തുവന്നത്. തങ്ങൾ പിരിച്ച പണം ഉപയോഗിച്ച് വീട് വെച്ചു നൽകിയില്ലെന്ന് മാത്രമല്ല, പാവപ്പെട്ടവർക്ക് വീട് ഉണ്ടാക്കിനൽകുന്ന സർക്കാർ പദ്ധതി തകർക്കാനും ശ്രമിച്ചു. പട്ടി പുല്ല് തുന്നുകയുമില്ല, പശുവിനെ തിന്നാനൊട്ട് സമ്മതിക്കുകയുമില്ല എന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പോക്ക്. പൊതു ജനം കഴുതയല്ല, അവരുടെ പൈസ വാങ്ങി നിങ്ങൾ എന്താണ് ചെയ്തതെന്ന് തെളിവുകൾ സഹിതം മറുപടി പറഞ്ഞേ മതിയാകു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.