ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെതിരെയുള്ള പൊലീസ് അടിച്ചമര്‍ത്തലിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍. കർഷകർക്ക് ഡൽഹിയിൽ കടക്കാൻ അനുമതി. വടക്കൻ ഡൽഹിയിലെ ബുരാരിയിൽ പ്രതിഷേധത്തിന് അനുമതി ലഭിച്ചു. ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി പൊലീസ് സ്ഥാപിച്ച ട്രക്കുകളും കണ്ടെയ്നറുകളും ബാരിക്കേഡുകളുമെല്ലാം ഒന്നിച്ചു നിന്നു തള്ളിനീക്കിക്കൊണ്ട് മുന്നോട്ടു പോകുകയാണ് കര്‍ഷകര്‍.
ഡല്‍ഹി – ബഹാദുര്ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കി. ക്രെയ്ന് ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്നറുകള്‍ കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്. സമാധാനപരമായി രാജ്യതലസ്ഥാനത്തേക്കു യാത്ര പുറപ്പെട്ട ആയിരക്കണക്കിനു കർഷകരെ, അംബാലയിൽ ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമായാണ് വ്യാഴാഴ്ച ഹരിയാന പൊലീസ് നേരിട്ടത്. ലാത്തിച്ചാർജിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. നൂറുകണക്കിനുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൂറുകണക്കിനുപേരെ കസ്റ്റഡിയിലെടുത്തു.