ഖാദി ബോർഡ് ഓണസമ്മാന പദ്ധതിയിലെ കൂപ്പൺ നറുക്കെടുപ്പിലൂടെ ലഭിച്ച പത്ത് പവൻ സ്വർണം ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തെന്ന കേസിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കോടതി നിർദ്ദേശം. യൂത്ത് കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റും കെഎസ്ആർടിസി കണ്ടക്ടറുമായ എം ആർ അജിത്തിന്റെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ഒരുവർഷം മുമ്പാണ് ഖാദി ബോർഡിന്റെ തൊടുപുഴയിലെ റീട്ടെയിൽ ഷോപ്പിൽനിന്ന് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ അജിത് തുണികൾ വാങ്ങിയത്. ഇതോടൊപ്പം ജിയോ മാത്യുവും കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസും അജിത്തിന്റെ ക്രെഡിറ്റ് സൗകര്യം ഉപയോഗിച്ച് വസ്ത്രം വാങ്ങി. അജിത്തിനാണ് സമ്മാനക്കൂപ്പൺ ലഭിച്ചത്. നറുക്കെടുപ്പിൽ ഈ കൂപ്പണിന് പത്തുപവൻ സ്വർണനാണയം ലഭിച്ചു.
വിവരം ജിയോ മാത്യുവിനെയും അജിത് അറിയിച്ചു. സമ്മാനം കൈപ്പറ്റാൻ അജിത്തിന്റെ കൂടെ ജിയോ മാത്യുവും തിരുവനന്തപുരത്തിന് പോയി. ഒക്ടോബർ രണ്ടിന് മന്ത്രി ഇ പി ജയരാജനിൽനിന്ന് അജിത് സമ്മാനം കൈപ്പറ്റി മടങ്ങി വരുമ്പോൾ ജിയോ മാത്യു തട്ടിയെടുത്തെന്നാണ് പരാതി. പട്ടികവർഗ വിഭാഗക്കാരൻകൂടിയായ അജിത്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനും ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കും പരാതി നൽകിയിരുന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല. തൊടുപുഴ പൊലീസിലും പരാതി നൽകിയിരുന്നു. കൂടുതൽ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഭിഭാഷകനായ കെ ആർ ജയകുമാർ മുഖേന ജില്ലാ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
Home Newspool ഖാദി ബോർഡ് ഓണസമ്മാനം 10 പവൻ കോൺഗ്രസ് നേതാവ് തട്ടിയെടുത്തു, പരാതിയുമായി കോടതിയെ സമീപിച്ച് യൂത്ത്...