തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. രാത്രി 11.30തോടെ തീരം തൊട്ട നിവാർ ചുഴലിക്കാറ്റ് മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗതയിലാണ് വീശുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറും. തമിഴ്നാട്ടിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. വ്യാപക നാശനഷ്ടമാണ് കാറ്റിലും മഴയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്.
വേദാരണ്യത്തും വില്ലുപുരത്തും ഓരോ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റിൽ വൈദ്യുതി പോസ്റ്റ് വീണാണ് വേദാരണ്യത്ത് രണ്ടാളുകളാണ് മരണപ്പെട്ടത്. കനത്ത മഴയിൽ വീട് തകർന്ന് വില്ലുപുരത്ത് രണ്ടുപേർ മരിച്ചു.
പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ചൈന്നെയിൽ വൈദ്യുതി വിതരണം നിലച്ചു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ തമിഴ്നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ചെമ്ബരപ്പാക്കം തടാകം നിറഞ്ഞ് ഒഴുകുന്നതാണ് ചെന്നൈയിൽ കടുത്ത ആശങ്ക ഉയർത്തുന്നത്. പുതുച്ചേരിയിലും തമിഴ്നാടിന്റെ തീരമേഖലയിലും മഴ നിർത്താതെ പെയ്യുകയാണ്.
അതേസമയം വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയിൽ പ്രധാന റോഡുകൾ അടച്ചു. ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
തമിഴ്നാട്ടിൽ ഇന്നും പൊതു അവധിയായിരിക്കും. അവശ്യസർവീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. ശനിയാഴ്ച വരെ പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു.