Home Newspool ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല; കേന്ദ്രഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല: മുഖ്യമന്ത്രി

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല; കേന്ദ്രഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല: മുഖ്യമന്ത്രി

SHARE

കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീർത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി. സി ആന്റ് എജിയുടെ അധികാരങ്ങൾ നിർണ്ണയിക്കുന്ന നിയമമുണ്ട്. ഒരു സ്ഥാപനം അതിന്റെ വാർഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സർക്കാർ ഖജനാവിൽ നിന്നും കിട്ടുന്നു എങ്കിൽ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 14 (1) പ്രകാരം ആ സ്ഥാപനം സി ആന്റ് എജി ഓഡിറ്റിന് നിർബന്ധമായും വിധേയമാണ്.

ആരുടെയും അനുവാദം വേണ്ട. ആ സ്ഥാപനത്തിന്റെ എല്ലാ വരവുചെലവു കണക്കുകളും സമഗ്രമായി സി ആന്റ് എജിക്ക് ഓഡിറ്റ് ചെയ്യാം. ഇക്കാര്യത്തിൽ ഒരു തർക്കമേയില്ല. ഇതിൽ പ്രകാരം ഈ സർക്കാരിന്റെ കാലത്ത് നാലു തവണ ഓഡിറ്റു നടക്കുകയും ചെയ്തു. പിന്നെ എന്താണ് പ്രശ്‌നം?

ഇതു വ്യക്തമായപ്പോൾ പുതിയ വാദമാണ് ചിലർ ഉയർത്തിയത്. കിഫ്ബിയുടെ വാർഷിക ചെലവ് ഇനി ഉയരുമല്ലോ? അപ്പോൾ 75 ശതമാനം വരവ് സർക്കാരിൽ നിന്നാകില്ലല്ലോ? അപ്പോൾ എജി ഓഡിറ്റിന്റെ പരിധിയിൽ നിന്നും പുറത്തു പോകുമല്ലോ? ഇതിന് പരിഹാരം 14-ാം വകുപ്പിൽ തന്നെയുണ്ട്. ഒരിക്കൽ തുടങ്ങിയാൽ ശതമാനക്കണക്കിൽ താഴ്ന്നാലും തുടർന്നുള്ള രണ്ടു വർഷം ഇതേ ഓഡിറ്റ് തുടരാം. അതും കഴിഞ്ഞാലോ? ഇതേ വ്യവസ്ഥയിൽ സി ആന്റ് എജി ഓഡിറ്റ് തുടരണമെന്ന് സർക്കാരിന് എജിയോട് ആവശ്യപ്പെടാം. ഇത്തരത്തിൽ മുൻകൂർ അനുവാദം നൽകിക്കൊണ്ട് സർക്കാർ നേരത്തേ തന്നെ കത്ത് നൽകിയിട്ടുമുണ്ട്.

അപ്പോൾ 14 (1) പ്രകാരമുള്ള ഓഡിറ്റിന് ഒരു തടസവും ഇല്ല.

ആദ്യ ഘട്ടത്തിലെ പ്രവർത്തനത്തിനുശേഷം തുടർന്നുള്ള വർഷങ്ങളിൽ കിഫ്ബി ഏറെക്കുറെ നിർജീവാവസ്ഥയിൽ ആയി. പിന്നീട് 2014-15ലാണ് അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ഫണ്ട് ബജറ്റിൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, വികസനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ ബദൽ മാർഗങ്ങൾ സർക്കാർ ആരായുകയും, ഇതിനു വേണ്ടി വീണ്ടും കിഫ്ബിയെ നോഡൽ ഏജൻസിയായി നിയോഗിക്കുകയും ചെയ്തത്. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിന് മുന്നേ ഭരണം മാറി. 2016ൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തി. ഈ സർക്കാർ കിഫ്ബിയുടെ പ്രവർത്തനത്തിലും സംവിധാനത്തിലും ഉള്ള പോരായ്മകൾ തിരിച്ചറിഞ്ഞ് കിഫ്ബിയെ പുനഃസംഘടിപ്പിക്കാനും കാലാനുസൃതവും സമഗ്രവുമായ മാറ്റങ്ങൾ നടപ്പാക്കാനും തീരുമാനിച്ചു.
ഇതാണ് കിഫ്ബി ഭേദഗതി നിയമത്തിന് വഴി തെളിച്ചത്.

പുതുജീവൻ ലഭിച്ച കിഫ്ബി

സെബി, ആർബിഐ തുടങ്ങിയ നിയന്ത്രണ ഏജൻസികളുടെ ചട്ടങ്ങൾക്കനുസരിച്ച് ആധുനിക വിപണിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുവാനുള്ള പരിഷ്‌കാരങ്ങൾ 2016ലെ ഭേദഗതി ആക്ടിൽ കൊണ്ടുവന്നു. മറ്റൊരു സ്ഥാപനത്തിലും ഇല്ലാത്ത രീതിയിൽ അതിപ്രഗത്ഭമായ ഒരു ബോർഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. ഭരണനിർവഹണം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രാഗത്ഭ്യവും പ്രവർത്തനപരിചയവുമുള്ള സ്വതന്ത്ര അംഗങ്ങൾ അടങ്ങിയതാണ് കിഫ്‌ബോർഡ്. സ്വതന്ത്ര അംഗങ്ങളും സർക്കാർ പ്രതിനിധികളും തുല്യ അനുപാതത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് അത്. ഇത്തരം ഉദാഹരണങ്ങൾ അധികമില്ല. മുഖ്യമന്ത്രി ചെയർപേഴ്‌സണും ധനകാര്യമന്ത്രി വൈസ് ചെയർപേഴ്‌സണും ആയ ബോർഡിൽ പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, നിയമസെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു. ഇത്തരത്തിൽ ശക്തമായ ഒരു നിയന്ത്രണ സംവിധാനമാണ് കിഫ്ബിയുടേത്.

പഴയ കിഫ്ബിയിൽ വിവിധ സ്രോതസുകളിൽ നിന്ന് കിഫ്ബി സമാഹരിച്ച പണം സംസ്ഥാന ട്രഷറിയിൽ സൂക്ഷിച്ചിരുന്നത് വകമാറി സർക്കാരിന്റെ ദൈനംദിന ചിലവുകൾക്ക് ചിലവഴിച്ചിരുന്നു. ഇതാണ് കിഫ്ബിയുടെ ഉദ്ദേശ്യ ലക്ഷ്യം നേടാതെ പോകാൻ പ്രധാനകാരണം. ഇതിനു പരിഹാരമായി ഭേദഗതി വഴി, സമാഹരിക്കപ്പെടുന്ന ധനം സർക്കാർ ഖജനാവിൽ നിന്ന് മാറ്റി വിവേകപൂർവവും സുരക്ഷിതവുമായ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള വ്യവസ്ഥകളും കൊണ്ടുവന്നു. കിഫ്ബിയുടെ തിരിച്ചടവുകൾ ഉറപ്പു വരുത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി മോട്ടോർ വെഹിക്കിൾ ടാക്‌സിന്റെ അമ്പതുശതമാനവും പെട്രോളിയം സെസും നിയമംമൂലം കിഫ്ബിക്ക് അനുവദിച്ചു നൽകി. ഇവയാണ് കിഫ്ബിയുടെ പ്രധാന വരുമാനമാർഗങ്ങൾ. ഇത്തരത്തിലുള്ള സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച ഭേദഗതി ആക്ട് ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ സുശക്തമായ നിരീക്ഷണസംവിധാനമാണ് ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷൻ അഥവാ എഫ്ടാക്. ഇതും കിഫ്ബി ഭേദഗതി നിയമത്തിൽ നിഷ്‌കർഷിക്കുന്നതാണ്. മുൻ സി ആൻഡ് എജി ആയ വിനോദ് റായി ആണ് നിലവിലെ എഫ്ടാക് ചെയർമാൻ. ഓരോ ആറുമാസം കൂടുമ്പോഴും വിശ്വാസ്യതാ സർട്ടിഫിക്കറ്റ് നൽകുക എന്നതാണ് എഫ്ടാക്കിന്റെ പ്രധാന ചുമതല. പൊതുജനങ്ങൾ, സർക്കാർ, നിക്ഷേപകർ എന്നീ മൂന്ന് വിഭാഗങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് എഫ്ടാക് ഉറപ്പാക്കുന്നു.

കിഫ്ബിയിൽ വരുന്ന ഓരോ പ്രോജക്ടും ബജറ്റിലൂടെ നിയമസഭയിൽ അവതരിപ്പിക്കുന്നവയും അതാത് ഭരണവകുപ്പുകളുടെ അനുമതി ഉള്ളവയുമാണ്. ബജറ്റിൽ പ്രഖ്യാപിക്കാത്ത പദ്ധതികൾ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കിഫ്ബിയുടെ പരിഗണനയ്ക്കായി വരുന്നത്. ഇങ്ങനെയല്ലാത്ത ഒരു പദ്ധതിയ്ക്കും കിഫ്ബി അംഗീകാരം നൽകിയിട്ടില്ല. പൊതുതാൽപര്യം മുൻനിർത്തി സാധാരണക്കാരന്റെ ആവശ്യങ്ങൾ പരിഗണിച്ച് ഭരണ പ്രതിപക്ഷ ഭേദമെന്യേ ആണ് പദ്ധതികൾ അനുവദിക്കുന്നത്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കിഫ്ബിയുടെ സ്പർശമുണ്ട്.

2020 വരെയുള്ള കാലയളവിലെ സമ്പൂർണ ഓഡിറ്റ് സിഎജി പൂർത്തീകരിച്ചിട്ടുണ്ട്. എട്ടുമാസത്തോളം നീണ്ടു നിന്ന ഓഡിറ്റിനുള്ള എല്ലാ സൗകര്യങ്ങളും കിഫ്ബി സിഎജിക്ക് ചെയ്തുകൊടുത്തിരുന്നു. കിഫ്ബിയുടെ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക് സിഎജിക്ക് പൂർണ പ്രവേശനാനുമതി നൽകിയിരുന്നു. ലോക്ക്ഡൗണിൽ പോലും ഓഡിറ്റ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു. ഓഡിറ്റിനെ തുടർന്നു നടന്ന എക്‌സിറ്റ് മീറ്റിനു ശേഷവും സിഎജി കിഫ്ബിയുടെ ഫയലുകൾ ഓൺലൈനായി പരിശോധിക്കാനുള്ള അനുമതി ആവശ്യപ്പെടുകയും ഒരു തടസവും ഉന്നയിക്കാതെ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

കിഫ്ബിയുടെ നേട്ടങ്ങൾ

60,102.51 കോടിരൂപയുടെ 821 പദ്ധതികൾക്കാണ് നാളിതുവരെ കിഫ്ബി അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളും ഉൾപ്പെടും. 16,191.54 കോടി രൂപയുടെ 433 പദ്ധതികൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണത്തിലേക്ക് കടന്നു. 388 പദ്ധതികളുടെ ടെൻഡറിങ് നടപടികൾ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്ന ദേശീയപാതാ വികസനം, കിഫ്ബിയുടെ സഹായത്തോടെ യാഥാർഥ്യമാവുകയാണ്. 5374 കോടി രൂപ പദ്ധതിയുടെ സംസ്ഥാനവിഹിതമായി കിഫ്ബി വഴി അനുവദിച്ചു കഴിഞ്ഞു.

3500 കോടിയുടെ മലയോര ഹൈവേ, 6500 കോടിയുടെ തീരദേശ ഹൈവേ, 5200 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0 ശൃംഖല, 3178.02 കോടി മുതൽമുടക്കുള്ള ആരോഗ്യപദ്ധതികൾ, നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതികനിലവാരവും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി 2427.55 കോടി രൂപയുടെ പദ്ധതികൾ, പട്ടികജാതി-പട്ടികവർഗ, മൽസ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1103.58 കോടി രൂപയുടെ പദ്ധതികൾ തുടങ്ങി സംസ്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് ഇവിടെ കിഫ്ബി വഴി നടപ്പാക്കുന്നത്.

ഓരോ വകുപ്പുകൾ മുഖേന ചെലവിട്ടതും അനുവദിച്ചതുമായി പദ്ധതികളുടെ വിശദവിവരങ്ങൾ ഇവിടെ പറയുന്നില്ല. ഒരു കാര്യം മാത്രം, ആവർത്തിച്ചു പറയാം. നമ്മുടെ സംസ്ഥാനം ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിപുലവും വേഗതയുള്ളതുമായ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേന്ദ്രം പണം നൽകുന്നില്ല, വരുമാന സ്രോതസ്സുകൾ അടഞ്ഞു, വിഭവ ലഭ്യത കുറഞ്ഞു എന്നൊന്നും പറഞ്ഞു വികസനത്തിന് അവധി കൊടുക്കാൻ ഈ സർക്കാർ തയാറായിട്ടില്ല. അത്തരം നിസ്സഹായതയല്ല; നാടിന്റെ വളർച്ച ഉറപ്പാക്കിയേ മുന്നോട്ടുള്ളൂ എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ സമീപനം, അതിനു കണ്ടെത്തിയ ബദൽ മാർഗമാണ് കിഫ്ബി. അതിനെ തകർത്താൽ ഈ നാടിനെ തകർക്കാം എന്ന് കരുതുന്നവർക്ക് വഴങ്ങും എന്ന ധാരണ ആരും വെച്ചു പുലർത്തേണ്ടതില്ല.

ഈ നേട്ടങ്ങൾ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയല്ലേ അട്ടിമറിക്കാൻ ശ്രമിക്കുന്നത്? കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവർ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാൻ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാൻ ഈ സർക്കാർ ഉദ്ദേശിക്കുന്നില്ല.

ആര് എതിർത്താലും കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കില്ല. പ്രതിപക്ഷനേതാവ് എതിർത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎൽഎയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്. ഞങ്ങൾ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നിൽ പ്രതിമപോലെ നിസ്സഹായമായി നിൽക്കാനല്ല ഈ സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തത്. ഈ നാട് തളർന്നുപോകരുത്. ഇവിടെ വളർച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകർക്കാൻ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.