Home Newspool പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും

പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും

SHARE

കേരള പൊലീസ് ആക്ടിൽ 118- എ എന്ന വകുപ്പ് കൂട്ടിച്ചേർത്തുകൊണ്ട് പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2020ലെ കേരള പൊലീസ് (ഭേദഗതി) പിൻവലിക്കൽ ഓർഡിനൻസ് എന്ന പേരിലാണ് പുതിയ ഓർഡിനൻസ് ഇറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരവും വിദ്വേഷകരവുമായ ഉള്ളടക്കവും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം വലിയ തോതിൽ വർധിക്കുകയും സമൂഹത്തിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതി. എന്നാൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഇതു കണക്കിലെടുത്താണ് ഓർഡിനൻസ് പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും അതു ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സർക്കാർ മുഖവിലക്കെടുത്തു. സമൂഹത്തിൽ നിന്ന് ഉയരുന്ന അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കുന്ന രീതി ഇക്കാര്യത്തിലും സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയാണ്. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിൽ നിയമഭേദഗതി പിൻവലിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഇതനുസരിച്ചാണ് പിൻവലിക്കാനുള്ള തീരുമാനമെടുത്തത്.

ഇക്കാര്യത്തിൽ ഇനി ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരില്ല. നിയമസഭയിൽ ചർച്ച ചെയ്തശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.