Home Politics കിഫ്ബി: സംശയങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക്കിൻ്റെ മറുപടി

കിഫ്ബി: സംശയങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക്കിൻ്റെ മറുപടി

SHARE

സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കിഫ്ബിയുമായി ബന്ധപ്പെട്ട പല വാർത്തകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ കിഫ്ബിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ധനമന്ത്രി തോമസ് ഐസക്.

ധനമന്ത്രി തോമസ് ഐസക്കിൻ്റെ മറുപടി

വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതിന് കിഫ്ബി ഇടിക്കൂട്ടിലാണെന്നാണ് ഇന്നലത്തെ ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട്. കിഫ്ബിയെ ഈ.ഡി പിടികൂടിയെന്നാണ് മിക്കവാറും മാധ്യമങ്ങളിലെയെല്ലാം റിപ്പോർട്ടുകളുടെ സ്വരം. ഏതായാലും ഈ.ഡി കിഫ്ബിയിൽ ഇതുവരെ വന്നിട്ടില്ല.

റിസർവ്വ് ബാങ്കിനോട് ഈ.ഡി എഴുതി ചോദിച്ചിരിക്കുകയാണത്രേ. എന്തൊക്കെയാണ് ചോദിച്ചിരിക്കാൻ സാധ്യത? ആ ചോദ്യങ്ങളൊക്കെ രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്നിരുന്നു. കിഫ്ബിയുടെ മസാല ഈ.ഡിയുടെ മേശപ്പുറത്ത് എന്ന മട്ടിൽ. മസാലയ്ക്ക് എരിവ് കൂട്ടാൻ അവരുടേതായ ചില ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്തിരുന്നു.

1) കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാൻ അവകാശമുണ്ടോ?

കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം കിഫ്ബി ഒരു കോർപ്പറേറ്റ് ബോഡിയാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് പാർലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം ചുമതല ആർബിഐയ്ക്കാണ്. ഇപ്രകാരം നിയമം ചുമതലപ്പെടുത്തിയ ആർബിഐ കോർപ്പറേറ്റ് ബോഡികൾക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2) കിഫ്ബി ആക്സിസ് ബാങ്ക് വഴിയാണ് ആർബിഐയെ സമീപിച്ചത്. അങ്ങനെ ആർബിഐയെ തെറ്റിദ്ധരിപ്പിച്ചൂവോ?

ആർബിഐ ചട്ടം അനുസരിച്ച് 700 മില്യൺ ഡോളറിൽ താഴെയുള്ള വായ്പയാണെങ്കിൽ ഓട്ടോമാറ്റിക് റൂട്ടു വഴിയും അതിനു മുകളിലാണെങ്കിൽ അപ്രൂവൽ റൂട്ടു വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഓട്ടോമാറ്റിക് റൂട്ടു വഴി എടുക്കാനുള്ള വലിപ്പമേ കിഫ്ബിയുടെ മസാല ബോണ്ടിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും അപ്രൂവൽ റൂട്ടു വഴിയാണ് കിഫ്ബി അപേക്ഷിച്ചത്.

കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ഇങ്ങനെ നേരിട്ട് ആർബിഐയ്ക്ക് വിദേശ വായ്പയെടുക്കാൻ അപേക്ഷ സമർപ്പിക്കാനാവില്ല. ആർബിഐയുടെ ഓതറൈസ്ഡ് ഡീലർ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്സിസ് ബാങ്ക്. അവരെ ടെണ്ടർ ചെയ്താണ് കിഫ്ബി തെരഞ്ഞെടുത്തതാണ്. അവർ വഴി 2018 മെയ് 22 നാണ് അനുവാദത്തിനായി അപേക്ഷിച്ചത്. ആർബിഐ ജൂൺ 1 ന് എൻഒസിയും തന്നു.

3) ആർബിഐ തന്നത് എൻഒസി അല്ലേ, അപ്രൂവൽ അല്ലല്ലോ. അത് ആർബിഐയുടെ കത്തിന്റെ അവസാന പാരഗ്രാഫിൽ ആർബിഐ വ്യക്തവുമാക്കിയിട്ടുണ്ടല്ലോ. അപ്പോൾ അനധികൃതമായിട്ടല്ലേ വായ്പയെടുത്തത്?

ആർബിഐ അപ്രൂവൽ തരുന്നത് എൻഒസിയുടെ രൂപത്തിലാണ്. അവസാന പാരഗ്രാഫിൽ പറയുന്നത് ഈ എൻഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സർട്ടിഫിക്കറ്റായി എടുക്കാൻ പാടില്ലായെന്നാണ്. കിഫ്ബി ബോണ്ടുകൾ എത്രമാത്രം വായ്പായോഗ്യതയുള്ളവയാണ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ആർബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്ക്ലൈമറിലൂടെ ചെയ്യുന്നത്. കിഫ്ബി നിക്ഷേപകർക്കുള്ള ഓഫറിംഗ് ലെറ്ററിലാണ് ഇത്തരത്തിലുള്ള വിശദാംശങ്ങൾ കിഫ്ബി ലഭ്യമാക്കിയത്. നിക്ഷേപകർ ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് വായ്പ നൽകുന്നത്.

4) ആർബിഐയുടെ എൻഒസി മാത്രമം മതിയോ വിദേശത്തുനിന്നും വായ്പയെടുക്കാൻ?

പോരാ. ലോൺ രജിസ്ട്രേഷൻ നമ്പർ ആർബിഐയിൽ നിന്നും വാങ്ങണം. ഇതിനുള്ള അപേക്ഷ നൽകിയത് 2019 മാർച്ച് 20നാണ്. മാർച്ച് 22ന് രജിസ്ട്രേഷൻ നമ്പരും ലഭിച്ചു. മാർച്ച് 29ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ട് ലിസ്റ്റും ചെയ്തു.

5) എന്തുകൊണ്ടാണ് രജിസ്ട്രേഷൻ നമ്പറിന് അപേക്ഷ നൽകാൻ ഇത്ര വൈകിയത്?

അന്തർദേശീയ മാർക്കറ്റിൽ ഇന്ത്യൻ ബോണ്ടുകൾ വലിയ ചാഞ്ചാട്ടത്തിന് വിധേയമായ മാസങ്ങളായിരുന്നു 2018 ന്റെ അവസാന മാസങ്ങളിൽ. അതുകൊണ്ട് ബോണ്ട് ഇറക്കുന്നത് നീട്ടിവയ്ക്കുന്നതാണ് നല്ലതാണെന്നുള്ള നിഗമനത്തിലാണ് കിഫ്ബി എത്തിയത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടും എൻഒസിയുടെ തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 2018 ഡിസംബർ 6ന് ആക്സിസ് ബാങ്ക് ആർബിഐയ്ക്ക് കത്ത് നൽകി. ഇതിനുള്ള അനുവാദം ആർബിഐ ഡിസംബർ 31ന് നൽകി.

6) സർക്കാർ ഗ്യാരണ്ടി വായ്പയ്ക്ക് ഉള്ളതുകൊണ്ട് മസാലബോണ്ട് തിരിച്ചടവിൽ കിഫ്ബിക്കു വീഴ്ച വന്നാൽ അത് കേരള സർക്കാരിന്റെ ബാധ്യതയാകില്ലേ? അതുകൊണ്ടല്ലേ ഈ വായ്പ കേരള സർക്കാർ നേരിട്ട് എടുത്തതിനു തുല്യമാണെന്നുള്ള വിമർശനം. സർക്കാർ ഗ്യാരണ്ടി നിൽക്കുന്നകാര്യം ആർബിഐയിൽ നിന്നും മറച്ചുവച്ചത് എന്തിന്?

ഒന്നും ആർബിഐയിൽ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാർച്ച് 20ന് ലോൺ രജിസ്ട്രേഷൻ നമ്പർ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിൽ വായ്പ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കിയിരുന്നു. ആ ഫോമിൽ സർക്കാർ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നൽകിയിട്ടുണ്ട്.

ഇത്രയും കത്തിടപാടുകൾ ആർബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാർച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോൺ രജിസ്ട്രേഷൻ നമ്പർ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കൽപ്പോലും സംശയമുണ്ടായിട്ടില്ല.

മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്? ഇനി ചെലവഴിക്കാൻ ബാക്കി എത്രയുണ്ട്? എന്നതു സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് ആർബിഐയ്ക്ക് കിഫ്ബി നൽകണം. നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആർബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.

ഇതുവരെ ആർബിഐയ്ക്ക് ഇല്ലാതിരുന്ന സംശയങ്ങൾ ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിക്കുമ്പോൾ ഉണ്ടാവേണ്ടതില്ലല്ലോ. ഏതായാലും സി&എജി ആർബിഐയ്ക്ക് നോട്ടപ്പിശക് സംഭവിച്ചൂവെന്ന നിഗമനത്തിലാണ്. ആർക്ക് അറിയാം ഈ.ഡി ആർബിഐയെ പിടികൂടാനാണോ ഇറങ്ങിയിട്ടുള്ളതെന്ന്? കടുവയെ പിടിച്ച കിടുവ എന്നൊക്കെ നാം പറയുന്നതുപോലെ!

ഈ.ഡിയുടെയും ഏജിയുടെയുമെല്ലാം ലക്ഷ്യം വളരെ വ്യക്തമാണ്. കിഫ്ബിയെന്ന ധനകാര്യ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ്. അതിനെ തകർക്കുക, അതുവഴി കിഫ്ബിക്കുള്ള വായ്പകൾ വിഷമകരമാക്കുക. അങ്ങനെ തിരഞ്ഞെടുപ്പിനുമുന്നേ ഒരു പ്രതിസന്ധി സൃഷ്ടിക്കുക. ആ സ്വപ്നം നടക്കാൻ പോകുന്നില്ലായെന്നു മാത്രമേ ഞാൻ ഇപ്പോൾ പറയുന്നുള്ളൂ. അതിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.